നെടുങ്കണ്ടം: സ്വകാര്യ റിസോര്‍ട്ടിലെ വാറ്റ് കേന്ദ്രത്തില്‍നിന്നും നാടന്‍ തോക്കും തിരകളും കണ്ടെടുത്ത സംഭവത്തില്‍ ദുരൂഹത. എക്‌സൈസിന്റെ പരിശോധനയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഉപയോഗത്തിനായി നിര്‍മിക്കുന്ന വെടിയുണ്ടകള്‍ കണ്ടെത്തിയതാണ് ദുരൂഹത ഉയര്‍ത്തുന്നത്. സംഭവത്തില്‍ പോലീസും സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു.പാണ്ടിക്കുഴി ഭാഗത്ത് വ്യാജവാറ്റും മൃഗവേട്ടയും നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. വാറ്റ് നടക്കുന്നത് റിസോര്‍ട്ട് കേന്ദ്രീകരിച്ചായതിനാല്‍ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല.
ചാരായവാറ്റ് കുറെകാലമായി നടത്തുന്നതാണെന്നും റിസോര്‍ട്ടില്‍ താമസിക്കാനെത്തുന്നവര്‍ക്ക് കാട്ടിറച്ചിയും ചാരായവും നല്‍കിയിരുന്നതായും റിസോര്‍ട്ടില്‍ നിരവധി പ്രമുഖര്‍ എത്താറുണ്ടായിരുന്നുവെന്നും നടത്തിപ്പുകാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ വെടിയുണ്ടകള്‍ ഇയാള്‍ക്ക് എവിടെനിന്ന് ലഭിച്ചുവെന്നത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നാണ് സൂചന.എക്‌സൈസ് ഇന്റലിജന്‍സിനു ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് കുമളി ആറാം മൈലിനു സമീപം പ്രവര്‍ത്തിക്കുന്ന ബാംബൂനെസ്‌റ്റ് എന്ന റിസോര്‍ട്ടില്‍നിന്നും 2000 ലിറ്റര്‍ കോടയും രണ്ടു ലിറ്റര്‍ ചാരായവും പിടികൂടിയത്.
തുടര്‍ന്ന് പിടിയിലായ പ്രതി ഇല്ലിമൂട്ടില്‍ ജിനദേവന്‍ (40) എന്നയാളുടെ മുറി പരിശോധിച്ചപ്പോഴാണ് നാടന്‍ തോക്കും തിരകളും കണ്ടെത്തിയത്. ഇതിനൊപ്പമാണ് ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്‌ടറി എന്നു രേഖപ്പെടുത്തിയിരിക്കുന്ന വെടിയുണ്ട പിടിച്ചെടുത്തത്.സൈന്യത്തിനു വേണ്ടി നിര്‍മിക്കുന്ന വെടിയുണ്ടകള്‍ സ്വകാര്യവ്യക്‌തികള്‍ക്ക് ഉപയോഗിക്കുന്നതിനോ കൈവശം സൂക്ഷിക്കുന്നതിനോ നിയമപരമായി അധികാരമില്ല. സംഭവത്തില്‍ സര്‍വീസില്‍നിന്നും വിരമിച്ച ചില സൈനികരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
Post Your Comments