ന്യൂഡൽഹി: ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിന് കേന്ദ്ര സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ ഇടപെട്ട് വിഷയം സങ്കീർണമാക്കില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് സുപ്രിംകോടതി തേടി.
നാളെ മറുപടി സമർപ്പിക്കണം. അതേസമയം, കേന്ദ്രസർക്കാർ നിലപാട് കടുപ്പിച്ചതോടെ പലായനത്തിന്റെ ഒഴുക്ക് കുറഞ്ഞു. വരുമാനം നിലച്ചതിനെ തുടർന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ദുരിതത്തിൽ ഉടൻ ഇടപെടണമെന്ന പൊതുതാൽപര്യ ഹർജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. ഭീതി കാരണമാണ് പലായനമെന്നും ഇത് വൈറസിനേക്കാൾ വലിയ പ്രശ്‌നമായി മാറുകയാണെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പറഞ്ഞു.
കേന്ദ്ര സർക്കാർ പ്രശ്‌നപരിഹാരത്തിനായി നടപടികൾ തുടങ്ങിയിട്ടുണ്ട്. അതിൽ കോടതി ഇടപെട്ടാൽ വിഷയം സങ്കീർണമാകും. കേന്ദ്രം നടപടിയെടുക്കാത്ത പ്രശ്‌നങ്ങൾ പരിഗണിക്കാം. സർക്കാരിന്റെ മറുപടിക്കായി കാത്തിരിക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. പ്രശ്നപരിഹാരത്തിന് കേന്ദ്രവും സംസ്ഥാനങ്ങളും നടപടി സ്വീകരിച്ചു വരികയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. പൊതുതാൽപര്യഹർജി നാളെ വീണ്ടും പരിഗണിക്കും.
ALSO READ: ലോക്ക് ഡൗണിൽ ഭക്ഷണം തികഞ്ഞില്ല; പ്രതിഷേധവുമായി ഇതര സംസ്ഥാന തൊഴിലാളികൾ
അതേസമയം, ലോക്ക്ഡൗൺ കർശനമായി നടപ്പാക്കണമെന്ന കേന്ദ്ര നിർദേശത്തെ തുടർന്ന് പലായനം ചെയ്യുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങി. സംസ്ഥാന അതിർത്തികളിൽ പൊലീസ് പരിശോധന കർശനമാക്കി.
Post Your Comments