KeralaLatest NewsNews

യേശുവിന്റെ റൂട്ട്മാപ്പ് തയ്യാറാക്കൂ; മതബോധന ക്ലാസിലും കൊറോണ ഇഫക്ട്

 

കൊച്ചി: രാജ്യത്ത് കോവിഡ്-19 പടര്‍ന്നുപിടിക്കുന്നത് തടയുന്നതിനായി ലോക് ഡൗണ്‍ പ്രഖ്യപിച്ചതിനെ തുടര്‍ന്ന് മതബോധന ക്ലാസുകളെല്ലാം ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകളായാണ് നടക്കുന്നത്. ആ ഓണ്‍ലൈന്‍ ക്ലാസുകളിലെല്ലാം കോവിഡ്-19നുമായി ബന്ധപ്പെട്ട റൂട്ട് മാപ്പാണ് കയറി വരുന്നത്. ചോദ്യങ്ങളിങ്ങനെ, യേശു നടന്നുപോയ വഴികളുടെ റൂട്ട്മാപ്പ് തയ്യാറാക്കാമോ? യേശുവുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയവരെയും പരോക്ഷമായി ബന്ധപ്പെട്ടവരെയും കണ്ടെത്താമോ? ക്ലാസ് ബോറടിപ്പിയ്ക്കാതിരിയ്ക്കാനും ഏറെ രസകരമാക്കാനും ഈ പുതുവഴി തേടിയത് അങ്കമാലി സെയ്ന്റ് ജോര്‍ജ് ബസിലിക്ക റെക്ടര്‍ ഫാ. ജിമ്മി പൂച്ചക്കാട്ടാണ് .

വേനലവധിക്കാലത്ത് പള്ളികളില്‍ മതബോധന ക്ലാസുകള്‍ ഉണ്ടാകാറുണ്ട്. ഇത്തവണ എല്ലാം ഓണ്‍ലൈനിലേക്ക് മാറി. വീട്ടിലിരുന്ന് മുഷിയുന്ന കുട്ടികള്‍ക്ക് ഒരേസമയം ബൈബിളിനെക്കുറിച്ചും കോവിഡിനെക്കുറിച്ചും അവബോധമുണ്ടാകാനാണ് വികാരി ഇങ്ങനെയൊരു ആശയം അവതരിപ്പിച്ചത്. പള്ളിയിലെ മതബോധനസംഘം ഒപ്പംനിന്നു. യേശുവിന്റെ റൂട്ട്മാപ്പ് മനസ്സിലാകണമെങ്കില്‍ ബന്ധപ്പെട്ട സുവിശേഷഭാഗങ്ങള്‍ വായിക്കണം. നാല് സുവിശേഷകരില്‍ രണ്ടുപേര്‍ യേശുവുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയവരായിരുന്നില്ല. ഇത്തരം കാര്യങ്ങള്‍ കോവിഡുമായി ബന്ധപ്പെടുത്തുമ്പോള്‍ കൗതുകത്തോടൊപ്പം അറിവും കുട്ടികള്‍ക്ക് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ രണ്ടുമുതല്‍ ഏഴുവരെയാണ് ഓണ്‍ലൈന്‍ പഠനം. പാഠഭാഗങ്ങള്‍ മുന്‍കൂട്ടി അപ്ലോഡ് ചെയ്യും. ഈ പള്ളിയില്‍ രണ്ടായിരത്തോളം കുട്ടികളുണ്ട്. ഒന്നുമുതല്‍ ഒമ്ബതുവരെ ക്ലാസുകളിലുള്ള, ഇന്റര്‍നെറ്റ് സൗകര്യമുള്ളവര്‍ക്കാണ് അവസരം. നിര്‍ബന്ധമല്ല. റൂട്ട്മാപ്പും മറ്റും കോവിഡ് ഭീതിയൊഴിഞ്ഞിട്ട് പ്രിന്റെടുത്ത് സമര്‍പ്പിച്ചാല്‍ മതി. ‘ബ്രേക്ക് ദി ചെയിന്‍ ക്യാച്ച് അപ്പ് ജീസസ്’ എന്നാണ് കോഴ്സിന്റെ പേര്. വിലാസം: www.angamalybasilica.com

ഈ ഇടവകയ്ക്കുവേണ്ടി മാത്രം അവതരിപ്പിച്ച പരിപാടിയാണെങ്കിലും മറ്റ് രൂപതകളില്‍നിന്നും അന്വേഷണം വരുന്നുണ്ടെന്ന് ഫാ. പൂച്ചക്കാട്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button