KeralaLatest NewsNews

കോപ്പിയടിയുമായി ഡിസി ബുക്സിന്റെ വഞ്ചന; സുനിൽ പി ഇളയിടത്തിന്റെ മഹാഭാരതം സാംസ്കാരിക ചരിത്രം എന്ന പുസ്തകം പ്രസാധന ചരിത്രത്തിലെ അങ്ങേയറ്റത്തെ അപമാനമാണെന്ന് നിരൂപകൻ രവിശങ്കർ നായർ

മറ്റുള്ളവരുടെ പുസ്തകങ്ങളിൽ നിന്ന് cut & paste വിവർത്തനവും പരാവർത്തനവും നടത്തി ഒരു പുസ്തകം സൃഷ്ടിക്കുന്നതിലെ നൈതികതയാണ് ഇവിടെ വിഷയം

സുനിൽ പി ഇളയിടത്തിന്റെ മഹാഭാരതം സാംസ്കാരിക ചരിത്രം എന്ന പുസ്‌തകത്തിനെതിരെ രൂക്ഷ വിമർശനവുമായി നിരൂപകൻ രവിശങ്കർ നായർ. പുസ്തകം മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ അങ്ങേയറ്റം അപമാനകരമായ അധ്യായമാണെന്നും ഇതിൽ ആകെയുള്ള 24966 വരികളിൽ 18,893 വരികളും മറ്റ് പുസ്തകങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ മാത്രമാണെന്നും രവിശങ്കർ ആരോപിക്കുന്നു.

ഇതിലെ 5997 വരികൾ മാത്രമാണ് സുനിലിന്റേതെന്നും വെറും കോപ്പിയടിയായ പുസ്തകം മഹാഭാരതത്തെക്കുറിച്ചിറങ്ങിയ ഏറ്റവും ആധികാരികവും മൗലികവുമായ കൃതിയാണെന്ന ഡിസി ബുക്സിന്റെ പരസ്യം വഞ്ചനയാണെന്നും ലേഖകൻ സമർത്ഥിക്കുന്നു.

ഇത് ചൂണ്ടിക്കാട്ടി രവിശങ്കർ നായർ ഡി.സി ബുക്സിന് തുറന്ന കത്തെഴുതി. നേരത്തെ ഇളയിടത്തിന്റെ തന്നെ ദേശീയാധുനികതയും ഭരത നാട്യത്തിന്റെ രംഗജീവിതവും എന്ന ലേഖനം പദാനുപദ തർജ്ജമയാണെന്ന് തെളിവുകൾ സഹിതം രവിശങ്കർ നായർ സമർത്ഥിച്ചത് വലിയ ചർച്ചയായിരുന്നു.

രവിശങ്കർ നായരുടെ ഫേസ്ബുക്ക് പോസ്റ്റ്

n open letter to Ravi D C

പ്രിയ രവി ഡിസി,

സുനിൽ പി. ഇളയിടം എഴുതിയ മഹാഭാരതം-സാംസ്കാരിക ചരിത്രം എന്ന പുസ്തകം 2020 ഫെബ്രുവരിയിൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരുന്നല്ലോ. ഈ പുസ്തകം മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ അങ്ങേയറ്റം അപമാനകരമായ ഒരു അധ്യായമാണെന്ന വസ്തുത താങ്കളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ഇത് എഴുതുന്നത്. ഈ പുസ്തകം ഞാൻ സൂക്ഷ്മമായി വായിക്കുകയും അതിലെ പ്രഭവങ്ങളുമായി ഒത്തുനോക്കുകയും ചെയ്തു. ഓരോ അധ്യായത്തെയും കുറിച്ച് വിശദമായ കണക്കുകൾ ഞാൻ തയ്യാറാക്കിയിട്ടുണ്ട്. അവയിലേക്കൊന്നും കടക്കുന്നില്ല. പുസ്തകത്തിലെ പ്രഭവങ്ങളെക്കുറിച്ചുള്ള ഒരു കണക്കു മാത്രം താങ്കളെ അറിയിക്കാൻ തത്കാലം ഞാൻ ആഗ്രഹിക്കുന്നുള്ളു.

ഈ പുസ്തകത്തിൽ ആകെയുള്ളത് 24966 വരികളാണ്. ഇവയിൽ 18,983 വരികൾ ഉദ്ധരണികൾ ആധാരമാക്കിയുള്ളവയാണ്. 5997 വരികൾ മാത്രമാണ് ഉദ്ധരണികൾ ഇല്ലാത്തത്. അതായത് പുസ്തകത്തിന്റെ 75 ശതമാനത്തിലധികം ഉദ്ധരണികളെ ആധാരമാക്കിയുള്ളതാണ്. ഈ ഭാഗങ്ങളിൽ ഉദ്ധരണികൾ അടങ്ങിയിരിക്കുന്നു എന്നതല്ല, ഇവിടെ ഉദ്ധരണികൾ മാത്രമെയുള്ളൂ എന്ന് എടുത്തുപറയട്ടെ. മറ്റുപുസ്തകങ്ങളിൽ നിന്ന് വിവർത്തനം ചെയ്തതോ പരാവർത്തനം ചെയ്തതോ ആണ് ഈ വരികൾ. ഗ്രന്ഥകാരന്റെതായി അവിടെ യാതൊന്നുമില്ല. ബാക്കിയുള്ള 25 ശതമാനം പരിശോധിച്ചാൽ, അവയിലും പരകീയ പ്രഭവങ്ങൾ, നേരത്തേ പറഞ്ഞതിന്റെ ആവർത്തനങ്ങൾ, ആർക്കും അറിയാവുന്ന കാര്യങ്ങൾ, എന്നിവയൊക്കെയെയുള്ളു. 75 ശതമാനത്തിലധികം ഉള്ളടക്കവും മറ്റുള്ളവർ ഇന്നതിനെക്കുറിച്ച് ഇന്നതു പറഞ്ഞു എന്ന് പറയുന്ന രീതിയിലുള്ള ഒരു പുസ്തകം, മൗലിക സൃഷ്ടിയായി അവതരിപ്പിക്കുന്നതും, മഹാഭാരതത്തെക്കുറിച്ചുള്ള സമഗ്രമായ അവലോകനം, ലോകഭാഷകളിൽ ഇന്നോളമുണ്ടായിട്ടാല്ലാത്ത അപൂർവകൃതി എന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ട് വിപണിയിലെത്തിക്കുന്നതും തികച്ചും അധാർമികമാണ്.

പുസ്തകരചനയുടെയും പുസ്തകപ്രസാധനത്തിന്റെയും എല്ലാ നൈതികതയെയും ലംഘിക്കുന്നതാണ് ഈ പ്രവൃത്തി. പരകീയ പ്രഭവങ്ങൾ പുസ്തകത്തിൽ ഉപയോഗിക്കുന്നതിന് ആഗോള മാനദണ്ഡങ്ങൾ ഉണ്ട് എന്ന് താങ്കൾക്ക് അറിവുള്ളതാണല്ലോ. അവയെല്ലാം അവഗണിച്ചുകൊണ്ട് മറ്റുള്ളവർ എഴുതിയത് പകർത്തി സ്വന്തം പുസ്തകമായി അവതരിപ്പിക്കുക എന്ന ഹീനമായ നടപടിയാണ് സുനിൽ. പി ഇളയിടം ഇവിടെ ചെയ്തിരിക്കുന്നത്. അതിന് ഡി.സി ബുക്സിനെ പോലെ ഒരു പ്രസിദ്ധീകരണ സ്ഥാപനം ഉപകരണമായിത്തീർന്നതിൽ അതിയായ ഖേദമുണ്ട്. മൗലികമായത് എന്നല്ല, കഴമ്പുള്ള യാതൊന്നും സുനിൽ പി. ഇളയിടം ഇതിലൂടെ പറയുന്നില്ല എന്ന വാസ്തവം നിലനിൽക്കുമ്പോൾ തന്നെ, അത് എന്റെ വിഷയമല്ല എന്ന് ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു.

മറ്റുള്ളവരുടെ പുസ്തകങ്ങളിൽ നിന്ന് cut & paste വിവർത്തനവും പരാവർത്തനവും നടത്തി ഒരു പുസ്തകം സൃഷ്ടിക്കുന്നതിലെ നൈതികതയാണ് ഇവിടെ വിഷയം. പുസ്തക പ്രസാധനത്തിലെ അടിസ്ഥാന ധാർമികതയാണ് ഇവിടെ തകർക്കപ്പെടുന്നത്. മലയാളത്തിൽ ഇത്രയും തരംതാണ രീതിയിലെ ഒരു പകർത്തിയെഴുത്തു രചന ഞാൻ കണ്ടിട്ടില്ല. ഇത് ചൂണ്ടിക്കാണിക്കുന്നതും പൊതുസമൂഹത്തിനു മുന്നിൽ വയ്ക്കുന്നതും, ഇതിലൂടെ വഴിതെറ്റിപ്പോയേക്കാവുന്ന വിദ്യാർഥികളെ മനസ്സിൽ കാണുന്നതുകൊണ്ടാണ്. വൈജ്ഞാനിക ഗ്രന്ഥരചന, ഗവേഷണ പഠനങ്ങൾ എന്നിവയുടെ സ്വഭാവം എന്തായിരിക്കണമെന്നതിനെക്കുറിച്ച് അപകടകരമായ ഒരു മാതൃകയാണ് ഈ പുസ്തകം വിദ്യാർഥികൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്.

വിമർശനത്തെയും ചിന്തയെയും നിരസിച്ചുകൊണ്ട്, മറ്റുള്ളവർ എഴുതുന്നത് പകർത്തിവെച്ച് റഫറൻസ് ചേർക്കുന്നതാണ് അക്കാദമിക ലേഖനത്തിന്റെ രീതി എന്ന ആശയം വിദ്യാർഥികളിൽ അടിച്ചേല്പിക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്. ഭാവിയിൽ ഇത്തരം പുസ്തകങ്ങൾ പുറത്തുവരുന്നില്ല എന്നുറപ്പുവരുത്താനുള്ള കരുതൽ നടപടികൾ താങ്കൾ സ്വീകരിക്കും എന്നു പ്രത്യാശിക്കുന്നു.

വിശ്വസ്തതയോടെ

രവിശങ്കർ എസ്. നായർ 23 മാർച്ച് 2020

shortlink

Related Articles

Post Your Comments

Related Articles


Back to top button