കോഴിക്കോട്: കേരളത്തില്‍ താലീബാന്‍ അനുകൂലികളുടെ എണ്ണംകൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച ഇടത് സൈദ്ധാന്തികന്‍ സുനില്‍ പി ഇളയിടം കേരളം വിട്ട് ഉത്തര്‍പ്രദേശിലേയ്ക്ക് പോകണമെന്ന് വിവാദ പരാമര്‍ശവുമായി കോളേജ് അധ്യാപിക. വടകര മുസ്ലീം എഡുക്കേഷണല്‍ സൊസൈറ്റി കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഫൗസിയ ആരീഫാണ് ഫേസ്ബുക്കിലൂടെ ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്.
ഇവരെ കൂടാതെ പോസ്റ്റിൽ നിരവധി ആളുകൾ സുനിൽ പി ഇളയിടത്തിനെതിരെ രംഗത്തുവന്നു. അഫ്ഗാനിലേക്കാള്‍ താലിബാനികള്‍ കേരളത്തിലുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ് സുനില്‍ പി ഇളയിടം പങ്കുവച്ചതാണ് ഇപ്പോള്‍ ഇവരെയെല്ലാം ചൊടിപ്പിച്ചിരിക്കുന്നത്. ‘നാല് കോടിയോളമാണ് അഫ്ഗാന്‍ ജനസംഖ്യ; മൂന്നരക്കോടിയാണ് മലയാളികള്‍. അരലക്ഷത്തില്‍ കൂടുതലാണ് താലിബന്‍ മതഭീകരര്‍. താലിബന്‍ ഫാന്‍സ് അതിലും കൂടുതലില്ലേ കേരളത്തില്‍, സത്യായിട്ടും പേടിയാവുന്നുണ്ട്. നിറതോക്കിനൊപ്പം കാണേണ്ടതല്ല ഈ വിശുദ്ധഗ്രന്ഥം’ എന്നാണ് പോസ്റ്റില്‍ പറയുന്നത്.
ചാനല്‍ ചര്‍ച്ചകളിലെ സിപിഎം മുഖം പ്രേംകുമാര്‍ എഴുതിയ കുറിപ്പ് ഇളയിടം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതികരണം. ‘കേരളം വിട്ട് യുപിയിലോട്ട് ഓടി പൊയ്ക്കൂടേ.. എന്തിനാ ഇങ്ങിനെ പേടിച്ച് ജീവിക്കണത്’ എന്നായിരുന്നു ഫൗസിയ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്. സംഭവം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ജമാ അത്തെ ഇസ്ലാമിയുടെ അനുബന്ധ സംഘടനയുടെ നേതാവാണ് ഫൗസിയ.
Post Your Comments