ന്യൂഡല്‍ഹി: കൊറോണ വൈറസിനെ നേരിടാന്‍ ആഗോള സഹകരണം കൂടുതല്‍ ശക്തമാക്കണമെന്ന ആശയത്തോട് യോജിച്ച് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിനും. ബുധനാഴ്ച വൈകീട്ടാണ് ഇരു നേതാക്കളും ടെലിഫോണിൽ നിർണായക ചര്‍ച്ച നടത്തിയത്. റഷ്യയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
വൈറസ് പ്രതിരോധത്തിനായി ഇന്ത്യ എടുക്കുന്ന നടപടികളെയും കരുതലിനെയും പുടിന്‍ അഭിനന്ദിച്ചു. ഇന്ത്യയിലെയും റഷ്യയിലെയും കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇരു നേതാക്കളും സംസാരിച്ചു. വൈറസ് പ്രതിരോധത്തിനായി ഇന്ത്യ എടുത്ത മുന്‍ കരുതലുകളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റുമായി പങ്കുവെച്ചു. റഷ്യയിലെ പ്രതിരോധ നടപടികള്‍ വാളഡമിര്‍ പുടിന്‍ നരേന്ദ്രമോദിയുമായി പങ്കുവെച്ചെന്നും റിപ്പോര്‍ട്ട് ഉണ്ട്. റഷ്യയില്‍ കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു.
കൊറോണ വൈറസ് ആഗോളതലത്തിലുണ്ടാക്കുന്ന സാമ്പത്തിക സാമൂഹിക പ്രതിസന്ധികളില്‍ ഇരു നേതാക്കളും ആശങ്ക പങ്കുവെച്ചു. കൊറോണ പ്രതിരോധനത്തിന് ഇരു രാജ്യങ്ങളും സഹകരണം ഉറപ്പുവരുത്തുമെന്നും ചര്‍ച്ചയില്‍ വ്യക്തമാക്കി.
Post Your Comments