Latest NewsKeralaNews

കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020′ കൊണ്ടുവരുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ക്രെഡിക്റ്റ് അടിച്ചെടുക്കാനുള്ള തന്ത്രമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം : കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020′ കൊണ്ടുവരുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ക്രെഡിക്റ്റ് അടിച്ചെടുക്കാനുള്ള തന്ത്രമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ ‘കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020’ കൊണ്ടുവരുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെയാണ് രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത് എത്തിയത്. 2005ലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ടില്‍ ഇക്കാര്യത്തെ കുറിച്ച് വ്യക്തമായി പറയുന്നുണ്ടെന്നും, ഇതിനെ മറപിടിച്ച് ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള തന്ത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെതെന്ന് മുരളീധരന്‍ വിമര്‍ശിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

‘കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 കൊണ്ടുവരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കണ്ടപ്പോള്‍ ചിരിയാണ് വന്നത്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനാണത്രേ ഇന്നത്തെ തീരുമാനം.

പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമമെന്നും വിശദീകരിക്കുന്നുണ്ടായിരുന്നു. നിലവില്‍ ഇതിനൊന്നും നിയമമില്ലാത്ത നാടാണിതെന്ന മട്ടിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അല്ല മുഖ്യമന്ത്രി, മലയാളികളെ അങ്ങ് എന്തിനാണ് ഇങ്ങനെ പൊട്ടന്‍ കളിപ്പിക്കുന്നത്?

2005ലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ടിലെ 51 മുതല്‍ 60 വരെയുള്ള ഭാഗം ഒന്ന് വായിച്ചു നോക്കിയിട്ട്, ഈ ഓര്‍ഡിനന്‍സിന്റെ മറവില്‍ ക്രെഡിറ്റടിക്കാനുള്ള അതിമോഹം താങ്കള്‍ക്ക് പുറത്തെടുക്കാമായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ അവഗാഹമുള്ള ഉപദേശകര്‍ അങ്ങയോട് ഒരുപക്ഷേ ഈ അവസരം ഇങ്ങനെ പ്രയോജനപ്പെടുത്താന്‍ പറഞ്ഞു കാണുമായിരിക്കും.

ഐ പി സി 188, 269, 270, 271 ഇത്രയും വകുപ്പുകളൊന്ന് നോക്കിയപ്പോള്‍ എനിക്ക് മനസിലായത് പകര്‍ച്ച വ്യാധി പ്രതിരോധത്തില്‍ സഹകരിക്കാത്തവര്‍ക്ക്, സ്ഥാപനങ്ങള്‍ക്ക് ഒക്കെ തടവും പിഴയും കിട്ടാന്‍ അതില്‍ വ്യക്തമായി പറയുന്നുണ്ടെന്നാണ്.

എന്തിനും ഏതിനും ഭരണഘടനയെ മുന്‍നിര്‍ത്തി വെല്ലുവിളിക്കുന്നവര്‍ എന്തേ കൊവിഡ് വന്നപ്പോള്‍ ആ വിശുദ്ധ ഗ്രന്ഥവും ഇന്ത്യന്‍ ശിക്ഷാ നിയമവും മറന്നുവോ? അതോ ഇപ്പോള്‍ പുച്ഛമായോ? യുഎപിഎ നിയമ ഭേദഗതിയിലടക്കം ഉറഞ്ഞു തുള്ളിയവരാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സ് വന്നിട്ട് എല്ലാം ശരിയാക്കാമെന്ന് പറയുന്നത്! കഷ്ടമാണ് സാര്‍, ഇപ്പോള്‍ രാജ്യത്ത് നിലവിലുള്ള നിയമം നടപ്പാക്കാന്‍ ഇത്രയ്ക്ക് മടി കാട്ടണോ?

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ലോക് ഡൗണ്‍ ഓര്‍ഡറിനൊപ്പം അനുഛേദമായി ചേര്‍ത്തിരുന്നതൊന്നും അങ്ങ് കണ്ടില്ലെന്നാണോ? നിസഹകരിക്കുന്നവര്‍ക്കെതിരെയുള്ള നടപടിയടക്കം അതിലില്ലേ?

ഞാനിതാരോടാണ് പറയുന്നത്..കേന്ദ്രം പറയുന്ന സമയത്ത് ലോക് ഡൗണ്‍ ചെയ്യാന്‍ മടി, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മടി… ഇങ്ങനെയൊക്കെ താന്‍പോരിമയും മുറുകെ പിടിച്ചിരിക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് ഓര്‍ഡിനന്‍സല്ല അതിനപ്പുറമുള്ള പബ്ലിസിറ്റി സ്റ്റണ്ട് വരുമെന്നുറപ്പല്ലേ! കൊവിഡ് ദുരന്തകാലത്തെ മറികടക്കാനെങ്കിലും, ഈ ഹുങ്കും സ്വാര്‍ത്ഥതയും മാറ്റി വച്ച് കേന്ദ്ര സര്‍ക്കാരിനൊപ്പം ഒന്നിച്ചു നില്‍ക്കണമെന്നേ പ്രിയപ്പെട്ട മുഖ്യമന്ത്രിയോട് എനിക്ക് പറയാനുള്ളൂ…’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button