ലണ്ടന്‍: ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചെങ്കിലും ചാള്‍സ് രാജകുമാരന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബക്കിംഗ്ഹാം കൊട്ടാരം തന്നെയാണ് ചാള്‍സിന് രോഗം സ്ഥിരീകരിച്ചതായി വാര്‍ത്താക്കുറിപ്പിലൂടെ ജനങ്ങളെ അറിയിച്ചത്. നിലവില്‍ സ്‌കോട്ട്‌ലന്‍ഡിലെ കൊട്ടാരത്തിനകത്ത് തന്നെ കര്‍ശനമായ ഐസൊലേഷനിലാണ് എഴുപത്തിയൊന്നുകാരനായ ചാള്‍സ് രാജകുമാരന്‍ കഴിയുന്നത്.
നേരത്തെ കൊട്ടാരത്തിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തില്‍ നിന്ന് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാജകുമാരന് തന്നെ രോഗം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിക്കുന്നത്. നേരത്തെ, കൊവിഡ് ഭീതിയുടെ പ്രശ്ചാത്തലത്തില്‍ ലണ്ടനില്‍ നടന്ന ഒരു അവാര്‍ഡ് ഷോയില്‍ ചാള്‍സ് രാജകുമാരന്‍ അതിഥികളെ കൈകള്‍ കൂപ്പി സ്വാഗതം ചെയ്തത് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും ഇടംപിടിച്ചിരുന്നു.
ചാള്‍സിന് രോഗം പിടിപെട്ടത് എവിടെ നിന്നാണ് എന്നതില്‍ വ്യക്തത വന്നിട്ടില്ല. കൊട്ടാരത്തില്‍ നിന്നാകാന്‍ സാധ്യതയില്ലെന്നും, കഴിഞ്ഞ കുറച്ച് ദിവസമായി ചാള്‍സ് പങ്കെടുത്ത ഏതെങ്കിലും പൊതു പരിപാടികളില്‍ നിന്നാകാം എന്നാണ് കൊട്ടാരത്തില്‍ നിന്നും പറയുന്നത്.
Post Your Comments