ഇസ്ലാമാബാദ്: ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് മഹാമാരി പാകിസ്താനിലും പടർന്നു പിടിക്കുകയാണ്. 1000 ലധികം ആളുകള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. എന്നാൽ വൈറസ് പാകിസ്താനിൽ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ മടിച്ചു നിൽക്കുകയാണ്.
പാകിസ്ഥാനിൽ വൈറസ് വ്യാപനം തുടരുമ്പോഴും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തയ്യാറാകാത്തതിന് ഇമ്രാന്‍ ഖാനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം പാകിസ്താനില്‍ ഇതുവരെ ഏഴ് പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. ആഭ്യന്തര വിമാന സര്‍വീസുകള്‍ പോലും ഇതുവരെ നിര്‍ത്തിവെച്ചിട്ടില്ല.
അതേസമയം, നാളെ മുതൽ ആഭ്യന്തര സര്‍വീസുകള്‍ നിര്‍ത്തി വെക്കുമെന്ന് വ്യോമയാന വക്താവ് അബ്ദുള്‍ സത്താര്‍ ഖോക്കര്‍ മുമ്പ് അറിയിച്ചിരുന്നു. പാകിസ്താനില്‍ വൈറസ് ബാധയേറ്റവരില്‍ ഭൂരിഭാഗവും ഇറാനില്‍ നിന്നെത്തിയവരാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ യാത്ര ചെയ്യാത്തവിലേക്കും വൈറസ് പടരുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്.
പാകിസ്ഥാനിൽ സിന്ധ് പ്രവിശ്യയിലാണ് കൂടുതല്‍ പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 400ലധികം ആളുകള്‍ക്കാണ് സിന്ധില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പഞ്ചാബ് മേഖലിയില്‍ 296 പേര്‍ക്ക് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. ഖയ്‌ബെര്‍ പഖ്തുന്‍ഖ്വയില്‍ 78 പേര്‍ക്കും ബലൂചിസ്താനില്‍ 110 പേര്‍ക്കും രാജ്യതലസ്ഥാനമായ ഇസ്ലാമാബാദില്‍ 15 പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
Post Your Comments