21 ദിവസത്തെ ലോക്ക്ഡൗൺ അനിവാര്യമായ നടപടി എന്ന നിലയിൽ അതിനെ പൂർണ്ണാർത്ഥത്തിൽ സ്വാഗതം ചെയ്യുന്നുവെന്ന് വിടി ബൽറാം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആരോഗ്യമേഖലക്കുള്ള 15000 കോടി പ്രഖ്യാപനത്തിനപ്പുറം ലോക്ക്ഡൗണിൻ്റെ നേരിട്ടുള്ള സാമൂഹ്യ പ്രത്യാഘാതത്തെ നേരിടാനുള്ള സാമ്പത്തിക പാക്കേജ് ഇന്നും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. നാളെ മുതൽ തൊഴിലില്ലാതാകുന്ന ദിവസ വേതനക്കാർക്കും പാവപ്പെട്ടവർക്കും അടിയന്തരാശ്വാസം എത്തിച്ചേ പറ്റൂവെന്നും ബൽറാം വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
രാജ്യമെമ്പാടും 21 ദിവസത്തെ ലോക്ക്ഡൗൺ ആണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. അനിവാര്യമായ നടപടി എന്ന നിലയിൽ അതിനെ പൂർണ്ണാർത്ഥത്തിൽ സ്വാഗതം ചെയ്യുന്നു. എന്നാൽ ആരോഗ്യമേഖലക്കുള്ള 15000 കോടി പ്രഖ്യാപനത്തിനപ്പുറം ലോക്ക്ഡൗണിൻ്റെ നേരിട്ടുള്ള സാമൂഹ്യ പ്രത്യാഘാതത്തെ നേരിടാനുള്ള സാമ്പത്തിക പാക്കേജ് ഇന്നും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. നാളെ മുതൽ തൊഴിലില്ലാതാകുന്ന ദിവസ വേതനക്കാർക്കും പാവപ്പെട്ടവർക്കും അടിയന്തരാശ്വാസം എത്തിച്ചേ പറ്റൂ.
സർക്കാരിന് സാധ്യമാവുന്ന ഒരു ധനസഹായ പാക്കേജ് എൻ്റെ പ്രതീക്ഷയിൽ ഇങ്ങനെയാണ്:
ഒരു വ്യക്തിക്ക് ഒരു ദിവസം മിനിമം 100 രൂപ വീതം നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് ദിവസം 400 രൂപ.
20 ദിവസത്തിന് ഒരു കുടുംബത്തിന് 20×400 = 8000 രൂപ
ഇന്ത്യയിലെ മൊത്തം ജനസംഖ്യ 135 കോടി. അതായത് ഏതാണ്ട് 30 കോടി കുടുംബങ്ങൾ.
ഇതിൽ പാവപ്പെട്ടവർക്കുള്ള പ്രയോറിറ്റി റേഷൻ കാർഡുകൾ ഏതാണ്ട് 18 കോടി.
ഒരു റേഷൻ കാർഡിന് 8000 രൂപ വീതം
18 കോടിക്ക് 18×8000 = 1,44,000 കോടി രൂപ.
അതായത് ഏതാണ്ട് ഒന്നര ലക്ഷം കോടിയുടെ ഒരു സാമ്പത്തിക സഹായമെങ്കിലും കേന്ദ്ര സർക്കാർ ജനങ്ങൾക്ക് നേരിട്ട് നൽകാൻ തയ്യാറാകണം. പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് തുക വേറെ അനുവദിക്കണം.
ഇന്ധന വിലയിൽ ഈയിടെ രണ്ട് തവണയായി ഉയർത്തിയ അധിക നികുതിയിൽ നിന്നുള്ള വരുമാനം കൊണ്ട് ഈ തുകയുടെ പകുതിയെങ്കിലും കണ്ടെത്താൻ കേന്ദ്ര സർക്കാരിന് എളുപ്പത്തിൽ കഴിയും. ഇനി വേണ്ടത് ആ അധിക ലാഭം ഇതുപോലൊരവസരത്തിലെങ്കിലും ജനങ്ങളിലേക്ക് കൈമാറാനുള്ള രാഷ്ട്രീയ തീരുമാനം മാത്രമാണ്.
Post Your Comments