തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 ന്റെ വ്യാപനത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്ത് അയച്ചു. കോവിഡ് നിരോധനവുമായി ബന്ധപ്പെട്ട 10 നിര്‍ദേശങ്ങളാണ് പ്രതിപക്ഷ നേതാവ് കത്തിലൂടെ മുന്നോട്ട് വെച്ചത്. കോവിഡിനെതിരെ പോരാടുന്നതിനായി കടുത്ത നടപടികള്‍ സ്വീകരിക്കുമ്പോള്‍ സാധാരണക്കാരും സാധുക്കളും ഇടത്തരക്കാരും അസംഘടിത മേഖലയില്‍പ്പെട്ടവരുമായ ഒരു വലിയ വിഭാഗം ജനങ്ങളുടെ ജീവിതം തന്നെ വഴി മുട്ടുന്ന അവസ്ഥാ വിശേഷം കാണാതിരിക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഇത്തരം വിഭാഗങ്ങളുടെ പരിരക്ഷയ്ക്ക് ഒമ്പതിന നിര്‍ദേശങ്ങളും അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തിലൂടെ സമര്‍പ്പിച്ചു.
ദിവസക്കൂലിക്ക് ജോലിചെയ്യുന്നവരുടെ ദൈനംദിന ജോലിയും വരുമാനവും ഇതോടെ ഇല്ലാതാകുകയാണ്. സംസ്ഥാന സര്‍ക്കാരുകളുടെ സാമ്ബത്തികസ്ഥിയും ഈ പ്രതിസന്ധിയോടെ പരുങ്ങലിലാകുന്ന സമയം കൂടിയാണിത്. അതിനും പരിഹാരമുണ്ടാകണം.
കടുത്ത നടപടികള്‍ കാരണം ജീവിത സന്ധാരണത്തിന് വഴി കാണാതെ പ്രതിസന്ധിയിലായിപ്പോകുന്ന പാവപ്പെട്ട ജനവിഭാഗത്തിന് മൂന്ന് മാസത്തേക്ക് സൗജന്യ ഭക്ഷണവും സാമ്പത്തിക സഹായവും നല്‍കുക, അസംഘടിത മേഖലയ്ക്കായി പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുക, സ്വയം ക്വാറന്റൈന്‍ ചെയ്യുന്ന ജീവനക്കാര്‍ക്ക് രണ്ടാഴ്ചത്തെ ശമ്പളത്തോടു കൂടിയുള്ള അവധി പ്രഖ്യാപിക്കുന്ന കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കുക, കൊറോണയുടെ മറവില്‍ കമ്പനികള്‍ ജീവനക്കാരെ പിരിച്ചു വിടാതിരിക്കാന്‍ നടപടി സ്വീകരിക്കുക, കൊറോണയ്ക്ക് എതിരെ പോരാടാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ലോഭമായ സഹായം നല്‍കുക, ബിപിഎല്‍ വിഭാഗത്തിലും അധസ്ഥിത വിഭാഗങ്ങളിലുംപെടുന്ന കുട്ടികളുടെ പഠന ഫീസ് മൂന്ന് മാസത്തേക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കുക, വന്‍കിട കമ്ബനികളുടെ കോര്‍പ്പറേറ്റ് റെസ്പോണ്‍സിബിലിറ്റി ഫണ്ടില്‍ നിന്ന് കോവിഡ് 19 വ്യാപനത്തിനെതിരായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന നിര്‍ദേശം പുറപ്പെടുവിക്കുക, സാനിറ്ററൈസറുകള്‍ക്കും മാസ്‌ക്കുകള്‍ക്കും മറ്റും വലിയ ക്ഷാമം അനുഭവപ്പെടുന്നതിനാല്‍ അത് പരിഹരിക്കുകയും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും ഗുണമേന്മയുള്ള ഇത്തരം ഉപകരണങ്ങള്‍ വിതരണം ചെയ്യാനുള്ള ദൗത്യം സ്വകാര്യമേഖലയെക്കൂടി ഏല്‍പ്പിക്കുക, വെന്റിലേറ്ററുകള്‍, കിടക്കകള്‍,വിദഗ്ധരടങ്ങിയ മെഡിക്കല്‍ സംഘം, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എന്നിവയുടെ അടിയന്തരാവിശ്യം വരും ദിവസങ്ങളില്‍ വന്‍ തോതില്‍ ഉണ്ടായേക്കാവുന്നതിനാല്‍ സ്വകാര്യ മേഖലയിലെ ആശുപത്രികളെക്കൂടി വൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങളില്‍ വലിയ തോതില്‍ പങ്കാളികളാക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
Post Your Comments