മുംബൈ : ഏപ്രിലോടെ ഇന്ത്യ ഇറാനോ ഇറ്റലിയോ ആകാം; ജനതാ കര്‍ഫ്യൂ നീട്ടണം’ . ഇപ്പോഴത്തെ വേഗത്തില്‍ കോവിഡ് വ്യാപിക്കുകയാണെങ്കില്‍ ഒരു മാസത്തിനുള്ളില്‍ ഇന്ത്യ ഗുരുതരമായ ആപത്തു നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് . ‘ പ്രമുഖ മൈക്രോ ബയോളജിസ്റ്റായ ഡോ. എ.എം.ദേശ്മുഖാണ് മുന്നില്‍ വരാനിരിയ്ക്കുന്ന വന്‍ ദുരന്തത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്. സാമൂഹിക അകലം ഗൗരവകരമായി നടപ്പാക്കിയില്ലെങ്കില്‍ ഏപ്രില്‍ അവസാനത്തോടെ ആശുപത്രികള്‍ രോഗികളെ കൊണ്ടു നിറയുമെന്നും അചിന്തനീയമായ സാഹചര്യം ഉടലെടുക്കുമെന്നും മൈക്രോ ബയോളജിസ്റ്റ് സൊസൈറ്റി ഇന്ത്യ (എംഎസ്ഐ) പ്രസിഡന്റ് കൂടിയായ ഡോ.ദേശ്മുഖ് പറഞ്ഞു.
സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടം ചേരുന്നതു വൈറസ് വ്യാപനം ത്വരിതഗതിയിലാക്കും. ഈ സാഹചര്യത്തില്‍ കൊറോണ വ്യാപനം തടയാനായി കുറഞ്ഞത് 14 ദിവസത്തേക്കെങ്കിലും ജനതാ കര്‍ഫ്യൂ നടപ്പാക്കണമെന്ന് എംഎസ്ഐ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. കോവിഡ് രോഗബാധയുണ്ടാകാന്‍ 14 ദിവസമാണ് വേണ്ടിവരുന്നതെന്നു ഡോ.ദേശ്മുഖ് പറഞ്ഞു. ഇതിനു ശേഷം രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവോ പോസിറ്റീവോ ആകാം.
എന്നാല്‍ പോസിറ്റീവ് ആണെങ്കില്‍ അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണു ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ 14 ദിവസം കര്‍ഫ്യൂ നടപ്പാക്കിയാല്‍ വലിയരീതിയിലുള്ള വൈറസ് വ്യാപനം തടയാന്‍ കഴിയുമെന്ന് ഉറപ്പാണെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു. രാജ്യാന്തര കണക്കുകള്‍ പരിശോധിച്ചാല്‍ രണ്ടു ശതമാനമാണ് കോവിഡ് മരണനിരക്ക്. മഹാമാരി ഇപ്പോഴൊന്നും നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയ സാഹചര്യത്തില്‍ വരും മാസങ്ങളില്‍ രാജ്യത്തു കൂടുതല്‍ പേര്‍ രോഗത്തിനു കീഴ്‌പ്പെടാന്‍ സാധ്യതയുണ്ട്. വേനല്‍ക്കാലത്തെ കൊടുംചൂട് വൈറസ് വ്യാപനം ത്വരിതപ്പെടുത്തില്ല എന്നത് ആശ്വാസകരമാണ്.
രാജ്യത്ത് ആശുപത്രി കിടക്കകള്‍, വെന്റിലേറ്ററുകള്‍, മെഡിക്കല്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവയുടെ അപര്യാപ്ത ചികിത്സയ്ക്കു വെല്ലുവിളിയാകുമെന്നു ഡോക്ടര്‍ മുന്നറിയിപ്പു നല്‍കി.
Post Your Comments