ന്യുഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ 3700 ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തുന്നു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ രാത്രി പത്ത് മണി വരെ 3700 ട്രെയിനുകള്‍ റദ്ദാക്കി.വൈറസ് വ്യാപനം തടയുന്നതിന് ഞായറാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ജനതാ കര്‍ഫ്യുവിനെ പിന്തുണച്ചുകൊണ്ടാണ് റെയില്‍വേയുടെ തീരുമാനം. റദ്ദാക്കാന്‍ തീരുമാനിച്ച സര്‍വീസുകളില്‍ പാസഞ്ചര്‍ ട്രെയിനുകളും ദീര്‍ഘദൂര ട്രെയിനുകളും എക്‌സ്പ്രസ് ട്രെയിനുകളും ഉള്‍പ്പെടുന്നതായി റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം ട്രെയിന്‍ നിര്‍ത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സമയത്തിന് മുമ്പ് യാത്ര തുടങ്ങിയ ട്രെയിനുകളിലെ യാത്രക്കാരുടെ യാത്ര തടസ്സപ്പെടുത്തരുതെന്നും റെയില്‍വേ നിര്‍ദ്ദേശിച്ചു. എല്ലാ സോണല്‍ മേധാവിമാര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ശനിയാഴ്ച 709 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. 584 ട്രെയിനുകള്‍ പൂര്‍ണ്ണമായും 125 ട്രെയിനുകള്‍ ഭാഗികമായുമാണ് റദ്ദാക്കിയിരിക്കുന്നത്. ഇതിന് പുറമെയാണ് ജനതാ കര്‍ഫ്യുവിനെ പിന്തുണച്ച് ട്രെയിനുകള്‍ റദ്ദാക്കുന്നത്.
ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഇത്രയും ട്രെയിനുകള്‍ ഒരുമിച്ച് റദ്ദാക്കുന്നത്. കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച രാവിലെ ഏഴ് മണി മുതലാണ് ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമയം ജനങ്ങള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനതാ കര്‍ഫ്യൂ വീടും പരിസരവും വൃത്തിയാക്കാനുള്ള അവസരമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments