ന്യൂഡൽഹി: സൈനികരും ആയുധങ്ങളുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനിന്റെ പാതയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായെന്ന് റിപ്പോർട്ട്. മദ്യലഹരിയിലാണ് റയിൽവെട്രാക്കിൽ സ്ഫോടക വസ്തുക്കൾ വച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്നും പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ഇത് സംബന്ധിച്ച് പൊലീസോ മറ്റ് ഏജൻസികളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഈ മാസം പതിനെട്ടിനാണ് മധ്യപ്രദേശിലെ രത്ലം ജില്ലയിലെ റെയിൽവേ ട്രാക്കിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സംഭവത്തിൽ കരസേന അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ അട്ടിമറി ശ്രമമാണോയെന്നും അന്വേഷിക്കും. സൈനികരും ആയുധങ്ങളുമായി ട്രെയിൻ കടന്നു പോയപ്പോൾ പടക്കങ്ങൾക്ക് സമാനമായ സ്‌ഫോടക വസ്തുക്കൾ പൊട്ടുകയായിരുന്നു. ആദ്യ സ്‌ഫോടനം കേട്ടപ്പോൾ തന്നെ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. തുടർന്ന് ട്രെയിൻ സഗ്ഫാത്ത സ്റ്റേഷനിൽ അര മണിക്കൂറോളം നിറുത്തിയിടുകയും, ട്രാക്കും പരിസര പ്രദേശങ്ങളും വിശദമായി പരിശോധിക്കുകയും ചെയ്തു.
സപ്ഘാത – ഡോൺഘർഗാവ് സ്റ്റേഷനുകൾക്ക് ഇടയിലെ റെയിൽവേ ട്രാക്കിൽ പത്ത് മീറ്ററിനിടയിൽ പത്ത് സ്‌ഫോടക വസ്തുക്കൾ പരിശോധനയിൽ കണ്ടെത്തിയെന്ന് സെൻട്രൽ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സ്വപനിൽ നിള അറിയിച്ചു. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ കാണുന്നത്. എൻ.ഐ.എ, കരസേന, ഭീകര വിരുദ്ധ സ്‌ക്വാഡ് തുടങ്ങിയവ സംഭവ സ്ഥലം വിശദമായി പരിശോധിച്ചു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ സിന്ഗ്‌നൽ മാൻ. ട്രാക് മാൻ എന്നിവർ ഉൾപ്പടെയുള്ള റെയിൽവേ ജീവനക്കാരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടുതരണം എന്ന് കരസേന ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ അഞ്ചാഴ്ചക്കിടയിൽ ഏഴ് തീവണ്ടി അട്ടിമറി ശ്രമങ്ങളാണ് ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ആറെണ്ണവും റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഉത്തർപ്രദേശിൽ നിന്നാണ്.
Post Your Comments