Latest NewsNewsIndia

ചരിത്രം വയോധികരുടെ സ്വകാര്യ സ്വത്തല്ല. വായിക്കാനും അറിയാനും മനസുള്ള എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. നാല്പതു കൊല്ലത്തെ സീനിയോറിറ്റി കാണിച്ച് അതിന്റെ അട്ടിപ്പേറവകാശം ഏറ്റെടുക്കരുത്

അഡ്വ.ശങ്കു ടി ദാസ്‌

ഇന്ത്യൻ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഇത്രമേൽ അടിയറവെയ്ക്കപ്പെട്ടൊരു സാഹചര്യം ഓർമയിൽ ഇല്ലെന്നൊക്കെ ഏറെ ബഹുമാനിക്കുന്ന ചില സീനിയർ അഭിഭാഷകരും വിരമിച്ച ന്യായാധിപന്മാർ പോലും എഴുതി വിടുന്നത് കാണുമ്പോൾ വല്ലാത്ത നിരാശ തോന്നുന്നു.ഒറ്റയടിക്ക് ഇവരുടെയൊക്കെ വിസ്മയകരമായിരുന്ന ഓർമ്മ ശക്തി ഒന്നിച്ചങ്ങു അടിച്ചു പോയല്ലോ ഈശ്വരാ.

എനിക്ക് അഞ്ചു വർഷത്തെ പ്രാക്ടീസിന്റെ പരിചയമേ ഉള്ളൂ.
നിങ്ങളൊക്കെ മുപ്പതും നാല്പതും കൊല്ലത്തിന്റെ അനുഭവ സമ്പത്തുള്ളവർ ആണെന്ന് മനസിലാക്കുകയും ചെയ്യുന്നു.
പക്ഷെ നിങ്ങളൊക്കെ കൊട്ടും ഗൗണുമിട്ട് കോടതിയിൽ കയറി തുടങ്ങിയപ്പോൾ മുതലൊന്നുമല്ല ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രം ശുഭാരംഭം കുറിയ്ക്കുന്നത്.
ജനാധിപത്യ ഇന്ത്യയുടെ ജുഡീഷ്യറിക്ക് എഴുപത് വർഷം പ്രായമുണ്ട്.
അതിന്റെ ഗതി വിഗതികളെ പറ്റി പറയാൻ എനിക്കും നിങ്ങൾക്കും തുല്യ അധികാരവുമാണ്.
ചരിത്രം വയോധികരുടെ സ്വകാര്യ സ്വത്തല്ല.
വായിക്കാനും അറിയാനും മനസ്സുള്ള എല്ലാവർക്കും അവകാശപ്പെട്ടതാണ്.
നാല്പത് കൊല്ലത്തെ സീനിയോറിറ്റി കാണിച്ച് അതിന്റെ അട്ടിപ്പേറ് ഏറ്റെടുക്കരുത്.

ഇനി മറന്നു പോയതാണെങ്കിൽ ഞാൻ ചിലത് ഓർമിപ്പിക്കാം.
സുമാർ അമ്പത് കൊല്ലം പഴക്കമുള്ള ചില ഇന്ത്യൻ അനുഭവങ്ങളാണ്.

‘Packing up of Judiciary’ എന്നൊരു സിദ്ധാന്തം ഉണ്ടായിരുന്നു ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത്.
ഫ്രാങ്ക്‌ളിൻ ഡി. റൂസ്വെൽറ്റ് അമേരിക്കൻ പ്രസിഡന്റ്‌ ആയിരുന്നപ്പോൾ അവതരിപ്പിച്ചതും ‘കോർട്ട് പാക്കിങ് പ്ലാൻ’ എന്ന പേരിൽ കുപ്രസിദ്ധമായതുമായ Judicial Reforms Bill, 1937 ലക്ഷ്യം വെച്ച ‘Committed Judiciary’ എന്ന സങ്കല്പത്തിന്റെ ഇന്ത്യൻ പരിപ്രേക്ഷ്യം.
ഭരിക്കുന്ന സർക്കാരിനോട് കൂറും ആശയ വിധേയത്വവുമുള്ള, ഭരണപരമായ തീരുമാനങ്ങളിൽ ഇടപെട്ട് അലങ്കോലം ഉണ്ടാക്കാത്ത, ഭരണകൂടത്തോട് യോജിച്ചു പോവുന്ന ജഡ്ജിമാരെ കൊണ്ട് കോടതി നിറയ്ക്കുക എന്നതായിരുന്നു പദ്ധതി.
മൂന്ന് സീനിയർ ജഡ്ജിമാരെ മറികടന്നു കേശവാനന്ദ ഭാരതി കേസിൽ വിയോജിപ്പ് എഴുതിയ ജസ്റ്റിസ് എ.എൻ. റായിയെ ചീഫ് ജസ്റ്റിസ് ആയി ഇന്ദിരാ സർക്കാർ നിയമിച്ചതൊക്കെ കറുത്ത ചരിത്രമാണ്.

മറികടക്കപ്പെട്ട മൂന്ന് സീനിയർ ജഡ്ജിമാരും പ്രതിഷേധ സൂചകമായി രാജി വെച്ചു.
മാസങ്ങളല്ല, വർഷങ്ങൾ നീണ്ട പ്രതിഷേധം വിവിധ ബാർ അസോസിയേഷനുകളുടെ നേതൃത്വത്തിൽ രാജ്യത്താകെ നടന്നു.
“മാറ്റത്തിന്റെ കാറ്റ് മനസിക്കാൻ ശേഷിയുള്ള മുന്നോട്ട് നോക്കുന്ന ന്യായാധിപരെ” ആണ് രാജ്യത്തിനാവശ്യം എന്ന വിചിത്ര ന്യായമാണ് സർക്കാർ അതിന് നിരത്തിയത്.
(Forward Looking Judges who can understand the Winds of Change).
സർക്കാർ ഉദ്ദേശിക്കുന്ന Forward Looking എന്നത് നീതിയിലേക്കോ ന്യായത്തിലേക്കോ ഉള്ള മുന്നോട്ട് നോട്ടമല്ല, അധികാര സ്ഥാനങ്ങളിലേക്കുള്ള ദീർഘ വീക്ഷണം ആണെന്ന് അതിനെ വിമർശിച്ചു നിയമ സമൂഹത്തിന്റെ രോഷം വ്യക്തമാക്കിയത് ജസ്റ്റിസ് ഹിദായത്തുള്ള ആയിരുന്നു.
(Not creating ‘Forward Looking Judges’ but the ‘Judges Looking Forward’ to the plumes of the office of the Chief Justice).

‘Blackest Day in the History of Indian Judiciary’ എന്നാണ് അതിനെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ വിശേഷിപ്പിച്ചത്.
1976 മെയ്‌ 3’ന് ഇന്ത്യയിലെ മുഴുവൻ ബാർ അസോസിയേഷനുകളും സംയുക്തമായി കോടതികൾ ബഹിഷ്കരിച്ചു “Bar Solidarity Day” ആചരിക്കുക പോലും ചെയ്തിരുന്നു.

എന്നിട്ടും നിയമിക്കപ്പെട്ട ചീഫ് ജസ്റ്റിസ് റായ് ഇതൊന്നുമറിയാത്ത പോലെ പദവിയിൽ തുടരുകയും സർക്കാർ അനുകൂല വിധികൾ പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്തു.
സർക്കാരിനോടുള്ള വിധേയത്വം മറയില്ലാതെ തെളിയിച്ചു കൊണ്ടുമിരുന്നു.
ഇന്ദിരാ ഗാന്ധിയെ അദ്ദേഹം ദിവസേന ഫോണിൽ വിളിക്കുമായിരുന്നത്രെ.
നിസ്സാര കാര്യങ്ങളിൽ പോലും പ്രധാനമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയുടെ ഉപദേശം ആരാഞ്ഞിരുന്നു.

ഓർമ്മയുണ്ടോ ആ കാലം?

നിയമ ഗവേഷകനും അഭിഭാഷകനും, നിലവിൽ സുപ്രീം കോടതി ജഡ്ജി ആയ ഡി.വൈ. ചന്ദ്രചൂഡിന്റെ മകനും, മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി. ചന്ദ്രചൂഡിന്റെ പേരക്കുട്ടിയും ആയ അഭിനവ് ചന്ദ്രചൂഡ് “Supreme Whispers” എന്ന പേരിലൊരു പുസ്തകം എഴുതിയിട്ടുണ്ട്.
അതിൽ വിരമിച്ച ശേഷം എ.എൻ. റായ് അമേരിക്കൻ ഗവേഷകൻ ജോർജ്. എച്. ഗഡ്‌ബോയ്സ് ജൂനിയറിന് നൽകിയ ഒരു അഭിമുഖം പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതൊന്ന് വായിച്ച് നോക്കണം.
നല്ല രസാണ്.

“എനിക്ക് രണ്ട് മണിക്കൂർ സമയമാണ് തന്നത്. അതിനുള്ളിൽ തീരുമാനം എടുക്കണമായിരുന്നു. ഞാൻ ഏറ്റെടുത്തില്ലെങ്കിൽ എനിക്ക് താഴെയുള്ള മറ്റാരെയെങ്കിലും അവർ ചീഫ് ജസ്റ്റിസ് ആക്കുമായിരുന്നു. ഞാനത് ഏറ്റെടുത്തു.”
വിരമിച്ച ഇന്ത്യൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഒരു അമേരിക്കൻ സ്‌കോളറോട് ഏറ്റുപറഞ്ഞതാണ് ഇത്.
അതായിരുന്നു ഇന്ദിരാ ഇറയിലെ ഇന്ത്യൻ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം.
ഈ ചരിത്രത്തെ ആണ് നിങ്ങൾ വെള്ള പൂശി മായ്ച്ചു കളയാൻ നോക്കുന്നത്.

ഇനിയുമോർമിപ്പിക്കണോ?

1977ൽ റായ് വിരമിച്ച ശേഷവും സ്ഥിതിയിൽ മാറ്റമുണ്ടായില്ല.
അടിയന്തരാവസ്ഥയ്ക്ക് എതിരെ ശക്തമായ നിലപാടെടുത്ത ജസ്റ്റിസ് എച്.ആർ. ഖന്നയുടെ സീനിയോറിറ്റി മറികടന്ന് ജസ്റ്റിസ് ബേഗിനെ ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു.
ജസ്റ്റിസ് ഖന്ന അന്ന് തന്നെ രാജി വെച്ചു.
വീണ്ടും പ്രതിഷേധങ്ങൾ നടന്നു.
പിന്നീട് 1977ൽ മൊറാർജി ദേശായ് സർക്കാർ അധികാരത്തിൽ വരികയും ശാന്തി ഭൂഷൺ നിയമ മന്ത്രി ആവുകയും ചെയ്ത ശേഷമാണ് ഇന്ത്യയിൽ ജുഡീഷ്യൽ ഇൻഡിപെൻഡൻസ് പുനഃസ്ഥാപിക്കപ്പെടുന്നത്.
കൃത്യമായി പറഞ്ഞാൽ, 1980ലെ പ്രസിദ്ധമായ മിനർവാ മിൽസ് കേസിൽ ഭരണഘടനയുടെ ബേസിക് സ്ട്രക്ച്ചർ ഡോക്ട്രിൻ പരിഷ്കരിച്ചു പുനഃസ്ഥാപിച്ച വിധിയിലൂടെ ആണ് ഇന്ത്യൻ ജുഡീഷ്യറി, “ചത്തിട്ടില്ലെടാ.. ജീവനുണ്ട്’ എന്ന് വീണ്ടും പ്രഖ്യാപിക്കുന്നത്.

ഇതൊക്കെ നിങ്ങൾ മറന്നു പോയതാണോ?
ഇതിലും വലിയ എത്ര വല്ല്യ പെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ചു കൂടി കഴിഞ്ഞിട്ടാണ് ഇപ്പറഞ്ഞ ജുഡീഷ്യറി ഇവിടെ വരെ എത്തിയതെന്ന് നിങ്ങൾക്ക് അറിയാഞ്ഞിട്ടാണോ?
എന്നിട്ടൊരു വിരമിച്ച ന്യായാധിപനെ രാജ്യസഭയിലെ നോമിനേറ്റഡ് എം.പി ആക്കിയതാണത്രേ ഇന്ത്യൻ ജുഡീഷ്യറി കണ്ട ഏറ്റവും വലിയ പതനം.
കോൺഗ്രസ്സിനെ നൈസ് ആയി വെളിപ്പിച്ചെടുക്കുക ആണെന്ന് തോന്നുകയേയില്ല.

വിരമിച്ച ന്യായാധിപന്മാർക്ക് പോസ്റ്റ് റിട്ടയർമെന്റ് ഓഫീസ് കിട്ടുന്നത് ആദ്യമാണല്ലോ.
ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആയിട്ടുമില്ല ജസ്റ്റിസ് സദാശിവം ഗവർണ്ണറായിട്ടുമില്ല.
ആദ്യമാണ് വിരമിച്ച ജഡ്ജി പുറം ലോകം കാണുന്നത് ഇന്ത്യയിൽ.
ഇത് വരെ ജഡ്ജിമാർ ഒക്കെ വിരമിച്ചാൽ സന്ന്യാസം സ്വീകരിച്ചു ഹരിദ്വാറിലെ രുദ്ര ഗുഹയിൽ പോയി മോക്ഷത്തിന് തപസ്സിരിക്കാറായിരുന്നു പതിവ്.

ജസ്റ്റിസ് രംഗനാഥ് മിശ്ര എന്ന മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ അറിയുമോ?
1984ലെ സിഖ് വിരുദ്ധ കൂട്ടക്കൊലയിൽ കോൺഗ്രസ്സിന് ക്ലീൻ ചിറ്റ് നൽകിയ അദ്ദേഹത്തെ, ഇന്ത്യയുടെ 21ആം ചീഫ് ജസ്റ്റിസ് ആയി വിരമിച്ച ശേഷം ആദ്യം മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനും, പിന്നീട് 1998 മുതൽ 2004 വരെ കോൺഗ്രസ്സ് ടിക്കറ്റിൽ തന്നെ രാജ്യസഭാംഗവും ആക്കിയിട്ടുണ്ട് ഇവിടെ.

അതിലും രസമാണ് ജസ്റ്റിസ് ബഹ്‌റുൽ ഇസ്ലാമിന്റെ കാര്യം.
1962 മുതൽ 1972 വരെ കോൺഗ്രസ്സിന്റെ രാജ്യസഭാംഗം ആയിരുന്നു.
1972ൽ രാജ്യസഭാംഗത്വം രാജി വെച്ച് അന്നത്തെ ആസാം-നാഗാലാ‌ൻഡ് ഹൈകോർട്ട് എന്ന ഇന്നത്തെ ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി.
1979ൽ ഗുവാഹത്തി ഹൈകോടതിയുടെ ചീഫ് ജസ്റ്റിസ് ആയി.
1980 മാർച്ച്‌ 1ന് കാലാവധി പൂർത്തിയാക്കി വിരമിച്ചു.
അവിടെ കൊണ്ട് കഴിഞ്ഞില്ല കഥ.
വിരമിച്ച ഹൈക്കോടതി ജഡ്ജിയെ കീഴ്വഴക്കങ്ങൾ കാറ്റിൽ പറത്തി ചരിത്രത്തിൽ ആദ്യമായി വീണ്ടും സുപ്രീം കോടതി ജഡ്ജി ആയി 1980 ഡിസംബർ 4ന് പുനർനിയമിച്ചു. പിന്നീട് മൂന്ന് കൊല്ലം അദ്ദേഹം സുപ്രീം കോടതി ജഡ്ജി ആയി പ്രവർത്തിച്ചു.
അതിനിടക്ക് ബിഹാറിലെ കോൺഗ്രസ്സ് മുഖ്യമന്ത്രി ആയിരുന്ന ജഗന്നാഥ് മിശ്രയെ അർബൻ കോപ്പറേറ്റിവ് ബാങ്ക് അഴിമതി കേസിൽ കുറ്റവുമുക്തനാക്കി വിധി പറഞ്ഞു. പിന്നീട് 1983 ജനുവരി 12ന് ആസാമിലെ ബാർപേട്ട ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ വേണ്ടി സുപ്രീം കോടതി ജഡ്ജി സ്ഥാനം രാജിവെച്ചു.
തിരഞ്ഞെടുപ്പിൽ ജയിച്ചു ലോക്സഭയിൽ എത്താൻ സാധിക്കാത്തത് കൊണ്ട് കോൺഗ്രസ്സ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചു.1989 വരെ അദ്ദേഹം കോൺഗ്രസ്സിന്റെ രാജ്യസഭാംഗം ആയിരുന്നു.

ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം വിട്ട് പോവരുത്. രംഗനാഥ് മിശ്ര ആയാലും ബഹ്‌റുൽ ഇസ്ലാം ആയാലും, രാഷ്‌ട്രപതി നിർദ്ദേശിച്ച നിഷ്പക്ഷ നോമിനേറ്റഡ് എം.പിമാർ ആയിരുന്നില്ല, പാർട്ടി ടിക്കറ്റിൽ സഭയിലെത്തിയ കോൺഗ്രസ് എം.പിമാരായിരുന്നു.

ഇതൊന്നും കണ്ടിട്ടില്ലാത്ത പോലെയാണ് പ്രമുഖ സീനിയർമാർ നാല്പത് കൊല്ലത്തെ അനുഭവം വെച്ച് ഇന്ത്യൻ ജുഡീഷ്യറി മുൻപൊരിക്കലും ഇത്ര വീണിട്ടില്ലെന്നൊക്കെ ആഞ്ഞു തള്ളി മറിയ്ക്കുന്നത്.
വീണിട്ടില്ലെന്നല്ല, നിങ്ങളുടെ രാഷ്ട്രീയ തിമിരവും ആശയ പക്ഷപാതവും യജമാന ഭക്തിയും കൊണ്ട് നിങ്ങൾ കണ്ടിട്ടില്ലെന്നുള്ള സത്യം പറയൂ.അതല്ലെങ്കിൽ നമുക്കൊരു പരസ്യ സംവാദമാവാം.ഇത്രയൊക്കെ കഴിഞ്ഞിട്ടും ഇവിടെ നിങ്ങൾക്ക് വിലപിക്കാൻ പാകത്തിൽ ബാക്കിയുള്ള ഇൻഡിപെൻഡൻസ് ഓഫ് ജുഡീഷ്യറി ഇതൂടി കഴിഞ്ഞാലും ഒരു കുലുക്കവുമില്ലാതെ നാളെയും ബാക്കി കാണും എന്നത് മാത്രമാണെന്റെ വാദം.

1950 മുതലുള്ള ചരിത്രം നിരത്തി കേസ് നടത്താൻ ഞാൻ തയ്യാറാണ്.
പക്ഷെ ഈ കേസ് ഏറ്റെടുക്കാതിരിക്കുന്നതാവും നിങ്ങൾക്ക് നല്ലത്.
നിങ്ങളുടെ അറിവും അനുഭവവും സീനിയോറിറ്റിയും ഒന്നും ഇത്തവണ നിങ്ങളെ സഹായിക്കില്ല.
ഇത് നിങ്ങൾക്ക് തോൽക്കാൻ മാത്രം സാധിക്കുന്ന കേസാണ്.

കാരണം, ഇവിടെ നിങ്ങൾക്കെതിരെ തെളിവ് നിരത്താൻ സാക്ഷി കൂട്ടിൽ കയറി നിൽക്കുന്നത്, ചരിത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button