കറാച്ചി: പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ഷൊഐബ് അക്തർ. കൊവിഡ് 19 വൈറസ് ബാധ ഭീഷണിയിലും പിഎസ്എൽ മാറ്റിവക്കാൻ വൈകിയ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ നടപടിയാണ് ഷൊഐബ് അക്തറിനെ ചൊടിപ്പിച്ചത്.
വൈറസ് ബാധയുണ്ടായിട്ടും ആറു ദിവസം കഴിഞ്ഞാണ് പിഎസ്എൽ നിർത്തിവച്ചതെന്ന് അക്തർ കുറ്റപ്പെടുത്തി. 48 മണിക്കൂർ കഴിഞ്ഞ് പിഎസ്എൽ നിർത്തിവച്ചാൽ മതിയായിരുന്നു എന്നഭിപ്രായപ്പെട്ട പെഷവാർ സാൽമി ഉടമ ജാവേദ് അഫ്രീദിയെയും അക്തർ വിമർശിച്ചു.
വൈറസ് ബാധ പടർന്ന് സ്റ്റേഡിയം മുഴുവൻ വ്യാപിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? “ടീം ഉടമകളിൽ ഒരാൾ പറയുന്നത് ശേഷിക്കുന്ന മത്സരങ്ങൾ കൂടി നടത്തണം എന്നാണ്. ലീഗ് തുടരാനുള്ള പിസിബിയുടെ തീരുമാനം വലിയ തെറ്റായിരുന്നു. ലീഗ് മാറ്റിവെക്കാൻ പിസിബി ആറു ദിവസം താമസിച്ചു. ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടുന്നത് അത്ര നല്ല രീതിയല്ല.”- അക്തർ പറഞ്ഞു.
നേരത്തെ, ലീഗ് മാറ്റിവച്ചതിനെ താൻ പിന്തുണക്കുന്നു എങ്കിലും വ്യക്തിപരമായി ബാക്കിയുള്ള മത്സരങ്ങൾ കൂടി നടത്തണമെന്നാണ് തൻ്റെ അഭിപ്രായമെന്ന് ജാവേദ് അഫ്രീദി പറഞ്ഞിരുന്നു. പിസിബിയും പിഎസ്എൽ ഫാഞ്ചസികളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇതിനു വേണ്ടത് 48 മണിക്കൂറുകൾ കൂടി മാത്രമാണെന്ന് താൻ പറഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. ഇതിനെതിരെയാണ് അക്തർ രംഗത്തു വന്നത്.
അതേസമയം, ഇംഗ്ലീഷ് ഓപ്പണറും പിഎസ്എല്‍ ടീം കറാച്ചി കിംഗ്‌സിന്റെ താരവുമായ അലക്സ് ഹെയില്‍സ് രോഗ ലക്ഷണങ്ങള്‍ കാണിച്ചതു കൊണ്ടാണ് അടിയന്തരമായി പിഎസ്എല്‍ നിര്‍ത്താന്‍ പിസിബി തീരുമാനിച്ചതെന്ന് കമന്റേറ്ററും മുന്‍ പാക് താരവുമായ റമീസ് രാജ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ താൻ സ്വയം ഐസൊലേഷനിലാണെന്നും ടെസ്റ്റ് ചെയ്തിട്ടില്ലെന്നും ഹെയിൽസ് പറഞ്ഞു
Post Your Comments