ന്യൂ ഡൽഹി : ഇറാനിൽ കുടുങ്ങിയ 250 ഇന്ത്യക്കാർക്കു കോവിഡ്-19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കാർഗിൽ, ലഡാക്ക് എന്നിവിടങ്ങളിൽനിന്നു പോയ 800 പേരുടെ സംഘത്തിലെ 254 പേർക്ക് വൈറസ് ബാധിച്ച വിവരം ഇന്ത്യയിൽനിന്ന് ഇറാനിൽ എത്തിയ ഡോക്ടർമാരുടെ സംഘമാണ് സ്ഥിരീകരിച്ചു പട്ടിക പുറത്തുവിട്ടത്. പൂനെയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘത്തെയാണ് ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ പരിശോധിക്കുന്നതിനായി കേന്ദ്ര സർക്കാർ അയച്ചത്.
ഫെബ്രുവരി മുതൽ ഇവർ ഇറാനിൽ കുടുങ്ങിക്കിടക്കുകയാണ്. ചിലർ ഹോട്ടലുകളിലും മറ്റു ചിലർ ഖോമിലെ താമസസ്ഥലങ്ങളിലുമാണ് കഴിയുന്നത്. ഇറാനിൽ കോവിഡ്-19 ഏറ്റവും രൂക്ഷമായി ബാധിച്ച മേഖലയാണു ഖോം. കഴിഞ്ഞ ആഴ്ച 200-ൽ അധികം ഇന്ത്യക്കാരെ കേന്ദ്ര സർക്കാർ ഇറാനിൽനിന്നു തിരിച്ചെത്തിച്ചിരുന്നു. ഇവരിൽ ഭൂരിഭാഗവും കാഷ്മീർ, ജമ്മു എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ്. എഴുനൂറിൽ അധികം പേർ ഇറാനിൽ കോവിഡ്-19 ബാധിച്ചു മരിച്ചുകഴിഞ്ഞുവെന്നാണ് വിവരം. 14,000 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Post Your Comments