അബുദാബി: യുഎഇയിൽ 15പേർക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ആരോഗ്യ, പ്രതിരോധ മന്ത്രാലയമാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 113ആയി ഉയർന്നു. കിർഗിസ്ഥാൻ, സെർബിയ, ഇറ്റലി, നെതർലാൻഡ്സ്, ഓസ്ട്രേലിയ, ജർമ്മനി, യുഎസ്എ, ഗ്രീസ്, റഷ്യ, ഉക്രെയ്ൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരാൾക്ക് വീതവും ബ്രിട്ടൻ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേർക്ക് വീതവുമാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. എല്ലാവിധ ആരോഗ്യ സേവനങ്ങളും ലഭ്യമാക്കുന്നുണ്ടെന്നും രോഗം പടരാതിരിക്കാനും പൊതു സുരക്ഷ ഉറപ്പാക്കാനും സ്ഥിരീകരിച്ച കേസുകളുമായി അടുത്ത ബന്ധം പുലർത്തുന്നവരെല്ലാം പരിശോധിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം കോവിഡ് 19 വൈറസ് കൂടുതലായി വ്യാപിക്കാൻ തുടങ്ങിയതിനാൽ യുഎഇ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ എല്ലാ വീസകളും അനുവദിക്കുന്നതു നിർത്തിവെച്ചു. പ്രവേശനം പഴയ വീസക്കാർക്ക് മാത്രമാക്കി ചുരുക്കിയെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസണ്ഷിപ്പ് അധികൃതർ അറിയിച്ചു. നേരത്തേ വീസ ലഭിച്ചവർക്ക് യുഎഇയിലേക്കു വരാനാകുമെന്നു അറിയിച്ചിരുന്നുവെങ്കിലും തീരുമാനം പിന്നീട് മാറ്റുകയായിരുന്നു. കൊറോണ വൈറസ് മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇ നിയന്ത്രണങ്ങൾ ശക്തമാക്കിയത്
യുഎഇയിൽ ജോലിയുള്ള, അവധിക്കു നാട്ടിലേക്കു പോയ പ്രവാസികൾക്കു പ്രവേശിക്കുന്നതിനു വിലക്കുണ്ടാകില്ല. പക്ഷേ, ബിസിനസ്, തൊഴിൽ വീസകളിൽ പുതിയതായി വരുന്നവർക്കു പ്രവേശനത്തിനു വിലക്ക് ഏർപ്പെടുത്തും. മാർച്ച് 17 വരെ സന്ദർശക വീസ ലഭ്യമായവർക്കെല്ലാം അത് അസാധുവാകും. പുറത്തുള്ളവർക്ക് ഇതിനകം അനുവദിക്കപ്പെട്ട എല്ലാ വീസകളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. സന്ദർശക വീസയിലുള്ളവരെ യുഎഇയിലേക്ക് എത്തിക്കരുതെന്നും, മുന്പ് അനുവദിച്ച വീസകളുമായി എത്തുന്ന യാത്രക്കാരെ ഒഴിവാക്കണമെന്നും വിമാന കന്പനികളോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചികിത്സ പോലുള്ള കാര്യങ്ങൾക്ക് അടിയന്തര വീസകൾ അനുവദിക്കുമെന്നും അറിയിച്ചു. പുതിയ നിയമം നിലവിൽ വന്നതോടെ യുഎഇയിലേക്ക് പോകാൻ കേരളത്തിലടക്കമുള്ള വിമാനത്താവളങ്ങളിൽ എത്തിയ യാത്രക്കാരെ തിരിച്ചയച്ചുവെന്നാണ് റിപ്പോർട്ട്.
Post Your Comments