കാളികാവ്: സംസ്ഥാനത്ത് മാവോവാദികള്‍ പ്രവര്‍ത്തനം കൂടുതല്‍ ഭദ്രമാക്കുന്നതായി സൂചന. നേതൃത്വം കൂടുതല്‍ ശക്തമാക്കി പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് പദ്ധതി. ആന്ധ്രാപ്രദേശില്‍നിന്ന് മാവോവാദി കേന്ദ്രകമ്മിറ്റി അംഗം കൂടിയായ സഞ്ജയ് ദീപക് റാവുവിനാണ് കേരളത്തിന്റെ ചുമതല നല്‍കിയിട്ടുള്ളത്.മാവോവാദി കേന്ദ്ര സായുധസേനയുടെ കമാന്‍ഡന്റു കൂടിയായ സഞ്ജയ് ദീപക് റാവു വയനാട്ടില്‍ എത്തിയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കര്‍ണാടക സ്വദേശിയായ കേന്ദ്ര കമ്മിറ്റിയംഗം ബി.ജി. കൃഷ്ണമൂര്‍ത്തിക്കായിരുന്നു ഇതുവരെ ചുമതല.
തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടതോടെയാണ് നേതൃമാറ്റം ഉള്‍പ്പടെയുള്ള നടപടിയിലേക്ക് മാവോവാദി കേന്ദ്രനേതൃത്വം തിരിഞ്ഞത്.സായുധസേന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയായിട്ടാണ് സഞ്ജയ് ദീപക് റാവുവിന്റെ നിയമനം.ചുമതല മാറിയതോടെ കൃഷ്ണമൂര്‍ത്തി വയനാട്ടില്‍നിന്ന് നാടുകാണി ദളത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയിട്ടുണ്ട്. നേതൃനിരയിലുള്ളവര്‍ ആദിവാസി കോളനി സന്ദര്‍ശനം അടക്കമുള്ള സംഘടന പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാറില്ല. നാലുദിവസം മുമ്പ് കൃഷ്ണമൂര്‍ത്തി പോത്ത്കല്ല് വാണിയമ്പുഴ ആദിവാസി കോളനിയിലെത്തിയിരുന്നു.
കൃഷ്ണ മൂര്‍ത്തിയുടെ കോളനി സന്ദര്‍ശനം നേതൃനിരയിലുണ്ടായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. സായുധ മേധാവി കൂടിയായ സഞ്ജയ് ദീപക് റാവുവിന്റെ വരവും കൃഷ്ണമൂര്‍ത്തയുടെ ആദിവാസികളിലേക്ക് ഇറങ്ങിയുള്ള പ്രവര്‍ത്തനവും ഗുരുതരമായ പ്രശ്നമായിട്ടാണ് പോലീസ് കരുതുന്നത്. ആന്ധ്രയില്‍നിന്നുള്ള നക്സല്‍ പ്രവര്‍ത്തകര്‍ പോരാട്ടവീര്യം കൂടുതലുള്ളവരാണെന്നതാണ് കാരണം.സംസ്ഥാനത്തുണ്ടായ ആദ്യത്തെ മാവോവാദി-പോലീസ് ഏറ്റുമുട്ടലോടെയാണ് തിരിച്ചടി തുടങ്ങിയത്.
ബോംബ് നിര്‍മാണം ഉള്‍പ്പെടെയുള്ള ആയുധ നിര്‍മാണമേഖലയില്‍ വിദഗ്ധനായ കേന്ദ്രകമ്മിറ്റിയംഗം കുപ്പു ദേവരാജിനായിരുന്നു നേതൃചുമതല. 2016 നവംബര്‍ 24 ന് നിലമ്ബൂര്‍ വരയന്‍ മലയില്‍ കുപ്പുദേവരാജ് വെടിയേറ്റ് മരിച്ചതോടെ തമിഴ്നാട് സംസ്ഥാന കമ്മിറ്റിയംഗം മണിവാസകത്തിന് താത്‌കാലിക ചുമതല കൈമാറി.
കര്‍ണാടകത്തില്‍നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗം ബി.ജി കൃഷ്ണ മൂര്‍ത്തി ചുമതലയേറ്റ് കേരളത്തിലെത്തിയതോടെ മണിവാസകം അട്ടപ്പാടി മേഖല ഉള്‍ക്കൊള്ളുന്ന ഭവാനി ദളത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. 2019 സപ്തംബര്‍ 29, 30 തിയ്യതികളില്‍ പാലക്കാട് മഞ്ചക്കണ്ടിയിലുണ്ടായ ഏറ്റുമുട്ടലില്‍ മണിവാസകം അടക്കം പ്രമുഖര്‍ മരിച്ചത് മാവോവാദി പ്രസ്ഥാനത്തിന് കനത്ത തിരിച്ചടിയായി.
Post Your Comments