Latest NewsCricketNewsSports

ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി കിരീടം സൗരാഷ്ട്രക്ക്

രാജ്‌കോട്ട്: 73 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി രഞ്ജി കിരീടം നേടി സൗരാഷ്ട്ര. ബംഗാളിനെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ കരുത്തിലാണ് സൗരാഷ്ട്രക്ക് കിരീടം ഉയര്‍ത്തിയത്. സൗരാഷ്ട്ര ഒന്നാം ഇന്നിംഗ്‌സില്‍ 425 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗാള്‍ അവസാന ദിവസം 381 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ടാം ഇന്നിംഗ്‌സില്‍ സൗരാഷ്ട്ര നാല് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തതോടെ മത്സരം സമനിലയില്‍ ആയി. ഇതോടെയാണ് നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ കരുത്തില്‍ സൗരാഷ്ട്ര കിരീടമുയര്‍ത്തിയത്. സ്‌കോര്‍ സൗരാഷ്ട്ര 425, 105/4, ബംഗാള്‍ 381.

അവസാന ദിനം ബംഗാളിന്റെ കിരീട പ്രതീക്ഷകള്‍ മുഴുവന്‍ അനുസ്തൂപ് മജൂംദാറിന്റെ ബാറ്റിലായിരുന്നു. എന്നാല്‍ മജൂംദാറിനെ (63) സൗരാഷ്ട്ര നായകന്‍ ജയദേവ് ഉനദ്ഘട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ബംഗാളിന്റെ പോരാട്ടം അവസാനിച്ചു. 40 റണ്‍സുമായി മജൂംദാറിന് മികച്ച പിന്തുണ നല്‍കിയ അര്‍നാബ് നന്ദി പുറത്താകാതെ നിന്നു. സൗരാഷ്ട്രക്കായി ധര്‍മേന്ദ്ര സിംഗ് ജഡേജ മൂന്നും ഉനദ്ഘട്ട്, പ്രേരക് മങ്കാദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ ചേതേശ്വര്‍ പൂജാരയും(66), അര്‍പിത് വാസവദയും(106) ചേര്‍ന്ന് ആറാം വിക്കറ്റില്‍ 142 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് സൗരാഷ്ട്രയുടെ കിരീടനേട്ടത്തില്‍ നിര്‍ണായകമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button