ഭോപ്പാല്‍: സ്പീക്കറെ കാണാനെത്തുന്നതിന് പ്രത്യേക സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ വിമത എംഎല്‍എമാര്‍. രാജിവച്ച ആറു മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വിമത എംഎല്‍എമാര്‍ സിആര്‍പിഎഫിന്റെ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്കി. രാജിയെക്കുറിച്ചു വിശദീകരിക്കാന്‍ ഇന്നു നേരിട്ടു ഹാജരാകണമെന്നു സ്പീക്കര്‍ എന്‍. പി. പ്രജാപതി നിര്‍ദേശിച്ചിരുന്നു.രാജിവച്ച 22 വിമതരില്‍ 13 പേര്‍ക്കാണ് ഇന്നും നാളെയുമായി ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ നോട്ടീസ് നല്‍കിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് എംഎല്‍എമാര്‍ എത്തുന്നത്. ബാംഗ്ലൂരില്‍ തമ്പടിച്ചിരിക്കുന്ന 22 വിമത എംഎല്‍എമാരില്‍ 17 പേര് ഇന്ന് വൈകുന്നേരത്തോടെ ഭോപ്പാലിലെത്തും.
രാജി സ്വമേ ധയാ ഉള്ള തീരുമാനമാണോ അതോ സമ്മര്ദ്ദത്തെത്തുടര്ന്നാണോ എന്നുവിശദീകരിക്കണമെന്നാവശ്യപ്പെട്ടുള്ള കത്താണ് എംഎല്‍എമാര്‍ക്കു സ്പീക്കര്‍ നല്‍കിയത്. എന്നാൽ എംഎൽഎ മാരെ മധ്യപ്രദേശിലെത്തിച്ചു തടവിലാക്കാനാണ് കോൺഗ്രസ് ശ്രമമെന്നാണ് വിമത പക്ഷത്തിന്റെ ആശങ്ക. ഇതിനായി കേന്ദ്ര സർക്കാരിന്റെ സുരക്ഷ ആണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.സിന്ധ്യയെ പിന്തുണച്ച് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവയ്ക്കുകയായിരുന്നു. ഇതോടെ കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായി.
രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ വിശ്വാസവോട്ട് നടത്തണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ടനോട് മുഖ്യമന്ത്രി കമല്‍നാഥ് അഭ്യര്‍ഥിച്ചു. സ്പീ ക്കര് നിശ്ചയിക്കുന്ന ദിവസം വിശ്വാസവോട്ട് നടത്താന്‍ തയാറാണെന്നും കമല്‍നാഥ് പറഞ്ഞു. മധ്യപ്രദേശില്‍ മാര്‍ച്ച് 16നാണ് നിയമസഭ സമ്മേളനം ചേരാന്‍ നിശ്ചയിച്ചിരിക്കുന്നത്. മാര്‍ച്ച് 16ന് നിയമസഭ ചേരുമ്പോള്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം.
ഇതിനായി ബിജെപി ഗവര്‍ണറെ കാണും എന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ബിജെപിക്ക് മുന്‍പേ രാജ്ഭവനില്‍ എത്തിയിരിക്കുകയാണ് കമല്‍നാഥ്. മാത്രമല്ല ബിജെപിക്ക് മുന്‍പേ ഗവര്‍ണറോട് സഭയില്‍ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ് കമല്‍നാഥ്. ഇത് വിമത എംഎൽഎമാരെ ഭീഷണിപ്പെടുത്തി പിന്തുണ വാങ്ങാനാണെന്നാണ് സൂചന. ഇന്ന് രാവിലെയാണ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടനെ രാജ്ഭവനിലെത്തി മുഖ്യമന്ത്രി കമല്‍നാഥ് സന്ദര്‍ശിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം 22 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ടതിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.
മാര്‍ച്ച് 16ന് ബജറ്റ് സമ്മേളനം ചേരാനിരിക്കുകയാണ്. സ്പീക്കര്‍ തീരുമാനിക്കുന്ന ദിവസം വിശ്വാസം തെളിയിക്കാന്‍ അനുവദിക്കണമെന്ന് കമല്‍നാഥ് ഗവര്‍ണറോട് ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് എംഎല്‍എമാരെ ബെംഗളൂരുവില്‍ തടവിലാക്കിയിരിക്കുകയാണ് എന്നും ഇവരെ മോചിപ്പിക്കണം എന്നും ഗവര്‍ണര്‍ക്ക് നല്കിയ കത്തില്‍ കമല്‍നാഥ് ആവശ്യപ്പെട്ടു. ഹോളി അവധിക്ക് ശേഷം ഗവര്‍ണര്‍ ഭോപ്പാലില്‍ തിരികെ എത്തിയതിന് തൊട്ട് പിന്നാലെയാണ് കമല്‍നാഥ് രാജ്ഭവനിലേക്ക് എത്തിയത്.
കണ്ണൂരില്‍ ഐബിയും എൻഐഎയും നടത്തിയ സംയുക്ത റെയ്ഡിൽ കണ്ടെത്തിയത് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച്
അതേസമയം എംഎല്‍എമാരുടെ രാജി സ്പീക്കര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇന്നും ശനിയാഴ്ചയുമായി എംഎല്‍എമാര്‍ തനിക്ക് മുന്നില്‍ നേരിട്ട് ഹാജരാകണം എന്നാണ് സ്പീക്കര്‍ എന്‍പി പ്രജാപതി ആവശ്യപ്പെട്ടിരിക്കുന്നത്. വിമതരുടെ രാജി സ്വീകരിക്കരുത് എന്നാണ് സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. വിമത എംഎൽഎമാർ ഭോപ്പാലിൽ തിരിച്ചെത്തി ഗവർണറെ കണ്ടേക്കും.
Post Your Comments