ന്യൂഡൽഹി: ഡൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ആം ആദ്‌മി മുന്‍ കൗണ്‍സിലര്‍ കൂടിയായ താഹിര്‍ ഹുസൈന്റെ കസ്റ്റഡി കാലാവധി നീട്ടി. മൂന്ന് ദിവസത്തേക്കാണ് വിചാരണ കോടതി വീണ്ടും താഹിറിന്‍റെ പൊലീസ് കസ്റ്റഡി നീട്ടിയത്. താഹിര്‍ ഹുസൈനെ ആദ്യം ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിട്ടിരുന്നത്.
അങ്കിത് ശര്‍മ്മയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ താഹിര്‍ ഹുസൈന്‍ നാടകീയമായി കോടതിയില്‍ എത്തുകയായിരുന്നു. ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകത്തിലാണ് താഹിര്‍ ഹുസൈനെ അറസ്റ്റ് ചെയ്തത്. കീഴടങ്ങല്‍ അപേക്ഷ ദില്ലി റോസ് അവന്യൂ കോടതി തള്ളിയതിന് പിന്നാലെ പൊലീസ് താഹിറിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് താഹിറിന്റെ പേരിൽ ചുമത്തിയിരിക്കുന്നത്.
അഭിഭാഷകനൊപ്പമെത്തി കോടതിയില്‍ കീഴടങ്ങാന്‍ അപേക്ഷ നല്‍കിയെങ്കിലും, അധികാര പരിധിയില്‍പ്പെടുന്ന കാര്യമല്ലെന്ന് വ്യക്തമാക്കി അഡീ. ചീഫ് മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ് താഹിറിന്‍റെ ഹര്‍ജി തള്ളി. കോടതിയില്‍ വച്ച് കസ്റ്റഡിയിലെടുത്ത താഹിര്‍ ഹുസൈനെ ക്രൈംബ്രാഞ്ചിന് കൈമാറിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
അതിനുശേഷം, കലാപവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ കൂടി അറസ്റ്റിലായിരുന്നു. ഐബി ഉദ്യോഗസ്ഥന്‍റെ മരണത്തിൽ പ്രതിയായ താഹിർ ഹുസൈന്‍റെ സഹോദരൻ ഷാ ആലം ഉൾപ്പെടെ ഉള്ളവരെ ആണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ALSO READ: കോവിഡ് ഭീതി: സംസ്ഥാനത്തെ ബാറുകള്‍ അടച്ചിടുന്ന കാര്യത്തിൽ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞത്
ദില്ലി കലാപ കേസുകൾ പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി മാർച്ച് 20 ലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, സോണിയ ഗാന്ധി, കപിൽ മിശ്ര, വാരിസ് പത്താൻ ഉൾപ്പടെയുള്ള നേതാക്കൾ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികളിൽ ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വിദ്വേഷപ്രസംഗം നടത്തിയെന്ന് ആരോപിക്കപ്പെട്ട നേതാക്കൾക്കും, ദില്ലി സർക്കാരിനും ,ദില്ലി പൊലീസ് കമ്മീഷണർക്കുമാണ് നോട്ടീസ് അയച്ചത്.
Post Your Comments