ന്യൂഡല്‍ഹി: അമിത്ഷായുടെ അനുഗ്രഹം തേടി ജോതിരാദിത്യ സിന്ധ്യ , കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ രാജ്യസഭാ സീറ്റിലേയ്ക്ക് മത്സരിക്കുന്ന സിന്ധ്യ മധ്യപ്രദേശിലെ ജനങ്ങളെ സേവിയ്ക്കുമെന്ന് അമിത് ഷായ്ക്ക് ഉറപ്പ് നല്‍കി . പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെയും ജോതിരാദിത്യ സിന്ധ്യ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി സന്ദര്‍ശിച്ചു. മധ്യപ്രദേശിലെ ജനങ്ങളെ സേവിക്കാനുള്ള ബിജെപിയുടെ ദൃഢ നിശ്ചയത്തെ സിന്ധ്യയുടെ വരവ് കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അമിത് ഷാ വ്യക്തമാക്കി .
18 വര്‍ഷമായി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന സിന്ധ്യ ഇക്കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. രാജ്യ സഭാ സീറ്റിലേക്ക് മത്സരിക്കുന്ന സിന്ധ്യയ്ക്ക് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭോപ്പാലിലെത്തുന്ന സിന്ധ്യയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. വിമാനത്താവളത്തില്‍ നിന്ന് സംസ്ഥാന ബിജെപി ആസ്ഥാനത്തേക്ക് റോഡ്ഷോ നടത്തി അദ്ദേഹത്തെ സ്വീകരിക്കും .
ജീവിതത്തില്‍ എന്നെ മാറ്റി മറച്ച രണ്ട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ‘ 2001 സെപ്റ്റംബര്‍ 30- എനിക്ക് അച്ഛനെ നഷ്ടപ്പെട്ട ദിവസം, രണ്ടാമത്തേത്, 2020 മാര്‍ച്ച് 10 – ഞാന്‍ ഒരു പുതിയ പാത തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത് ‘പാര്‍ട്ടിയില്‍ ചേര്‍ന്നയുടന്‍ സിന്ധ്യ മാദ്ധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിത്. പൊതുസേവനത്തിന്റെ ലക്ഷ്യം കോണ്‍ഗ്രസ് നിറവേറ്റുന്നില്ലെന്ന് തനിക്ക് വ്യക്തമായി പറയാന്‍ കഴിയുമെന്നും ജോതിരാദിത്യ സിന്ധ്യ വിമര്‍ശിച്ചിരുന്നു.
Post Your Comments