തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജയിലുകളിലും കർശന ജാഗ്രത. ഇക്കാര്യം നിര്‍ദ്ദേശിച്ച് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഉത്തരവിറക്കി. മുന്‍കരുതലെന്ന നിലയില്‍ എല്ലാ ജയിലുകളിലും ഐസൊലേഷന്‍ മുറി ഒരുക്കും. പനി, ജലദോഷം എന്നിവയുള്ള തടവുകാരെ ഐസൊലേഷന്‍ ബ്ലോക്കുകളിലേക്ക് മാറ്റും. പുതിയ തടവുകാരെ ആറു ദിവസം ജയിലിലെ അഡ്‌മിഷന്‍ ബ്ലോക്കില്‍ പാർപ്പിക്കുകയും ഇവരെ നിരീക്ഷിക്കാന്‍ സൂപ്പര്‍വൈസര്‍മാരെ നിയോഗിക്കുകയും ചെയ്യും.
കൊറോണ ബാധിത ജില്ലകളിലെ കോടതികളില്‍ നിന്ന് അയയ്ക്കുന്ന തടവുകാരെ പ്രത്യേകം നിരീക്ഷിക്കണം.സെന്‍ട്രല്‍ ജയിലിലെ മെഡിക്കല്‍ ഓഫീസറുമായി അടിയന്തര ഘട്ടങ്ങളില്‍ മറ്റ് ജയിലുകളിലെ ജീവനക്കാര്‍ക്ക് ബന്ധപ്പെടാന്‍ മൊബൈല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യമൊരുക്കണം. ജയിലില്‍ നിന്ന് റഫര്‍ ചെയ്യുന്ന പ്രതികളെ മെഡിക്കല്‍ കോളേജുകളിലേക്ക് നേരിട്ട് അയയ്ക്കാതെ റഫറല്‍ യൂണിറ്റ് ആശുപത്രിയിലേക്ക് അയയ്ക്കണമെന്നും മുൻകരുതൽ എന്ന രീതിയിൽ നിർദേശിച്ചിട്ടുണ്ട്.
Post Your Comments