KeralaLatest NewsNews

കൊറോണയ്ക്കെതിരെ ‘നമസ്തേ’ പ്രചാരണം

പാലാ: കൊറോണ പോലുള്ള പകർച്ചവ്യാധികളെ തടയാൻ സമൂഹം അതീവജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. സർക്കാരിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും നിർദ്ദേശങ്ങൾ പാലിക്കാൻ സമൂഹം തയ്യാറാകണമെന്നും എം എൽ എ നിർദ്ദേശിച്ചു. കൊറോണ പ്രതിരോധ സന്ദേശ പ്രചാരണത്തിനായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന “നമസ്തേ” പ്രചാരണ പരിപാടി പാലായിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ.

കൊറോണയെക്കുറിച്ച് പരിഭ്രാന്തി വേണ്ടെന്നും ജാഗ്രതയാണ് ഈ ഘട്ടത്തിൽ അനിവാര്യമെന്നും എം എൽ എ ചൂണ്ടിക്കാട്ടി. രോഗബാധിതർക്കു എല്ലാ സഹായവും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. രോഗം പടരാതിരിക്കാൻ നമുക്കും ഉത്തരവാദിത്വമുണ്ടെന്നും എം എൽ എ ഓർമ്മിപ്പിച്ചു.

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ. സിന്ധുമോൾ ജേക്കബ്, സാബു എബ്രാഹം, ജെറി ജോസ്, കുര്യാക്കോസ് ജോസഫ്, ആക്സിസ് ബാങ്ക് മാനേജർ സൂരജ് സി റ്റി, സുജിത് രാജൻ പി., ടോണി മുണ്ടനോലിയ്ക്കൽ എന്നിവർ സംസാരിച്ചു. കൊറോണ പ്രതിരോധ പ്രചാരണ പോസ്റ്റർ ഡോ. സിന്ധുമോൾ ജേക്കബിനു നൽകി മാണി സി കാപ്പൻ പ്രകാശനം ചെയ്തു.

കൊറോണ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ പ്രചാരണം നടത്തും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പ്രയോജനപ്പെടുത്തിയാവും പ്രചാരണം സംഘടിപ്പിക്കുന്നതെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button