ഈസ്റ്റ് കോസ്റ്റ് ന്യൂസ് ഡെസ്ക്
എല്ലാവർക്കും തുല്യനീതി എന്ന ആശയത്തിൽ ഇത്തവണ ലോകം അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുമ്പോൾ “ബേട്ടാ ബേട്ടി, ഏക് സമാന്‍ (പുത്രനും പുത്രിയും തുല്യര്‍) എന്നതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യമെന്ന് ആറു വർഷം മുമ്പേ ഉറക്കെ പ്രഖ്യാപിച്ച ഒരു ഭരണാധികാരിയാണ് നമ്മുടെ ഭാരതത്തിന് ഉള്ളത് . അദ്ദേഹം തെളിയിച്ച പാതയിലൂടെ മുന്നേറുകയാണ് ഭാരതസ്ത്രീ ശക്തി സ്ത്രീശാക്തീകരണം കേവലം കടലാസുകളിലും പ്രസംഗങ്ങളിലും ഒതുങ്ങേണ്ട വാക്കുകളല്ലെന്ന് ലോകത്തിന് കാണിച്ചുക്കൊടുത്ത ഭരണാധികാരി . അതാണ് നരേന്ദ്രമോദിയെന്ന നമ്മുടെ സ്വന്തം പ്രധാനമന്ത്രി.
“പെണ്‍കുട്ടിയുടെ ജനനം നമുക്ക് ആഘോഷിക്കാം. നമ്മുടെ പെണ്‍കുട്ടികളെക്കുറിച്ച് നാം അഭിമാനിക്കണം. വീട്ടില്‍ ഒരു പെണ്‍കുട്ടി ജനിക്കുമ്പോള്‍ അഞ്ച് ഫലവൃഷത്തൈകള്‍ നട്ട് നാം അത് ആഘോഷിക്കണമെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.”പ്രധാനമന്ത്രി നരേന്ദ്ര മോദി, എംപി എന്ന നിലയില്‍ ദത്തെടുത്ത ജയ്പ്പൂര്‍ ഗ്രാമത്തിലെ പൗരന്മാര്‍ക്ക് നല്കിയ സന്ദേശമായിരുന്നു ഇത്.
ഹരിയാനയിലെ പാനിപ്പട്ടില്‍ 2015 ജനുവരി 22 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബേട്ടി ബചാവോ, ബേട്ടി പഠാവോ (ബിബിബിപി) പദ്ധതി ഉദ്ഘാടനം ചെയ്തത്. സമൂഹത്തില്‍ കുറഞ്ഞുവരുന്ന പെണ്‍ശിശു ജനനനിരക്കും അതുമായി ബന്ധപ്പെട്ട സ്ത്രീശാക്തീകരണ വിഷയങ്ങളുമാണ് ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതി കൈകാര്യം ചെയ്യുന്നത്. വനിതാ ശിശു വികസന മന്ത്രാലയം, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം, മനുഷ്യവിഭവ വികസന മന്ത്രാലയം എന്നീ മൂന്നു മന്ത്രാലയങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.
രാജ്യവ്യാപകമായി ഭ്രൂണലിംഗ നിര്‍ണയ നിരോധന നിയമം നടപ്പാക്കുക, ആദ്യഘട്ടത്തില്‍ പെണ്‍ശിശു ജനന നിരക്ക് ഏറ്റവും കുറഞ്ഞ 100 ജില്ലകളില്‍ അതു സംബന്ധിച്ച ബോധവത്ക്കരണവും പ്രചാരണവും നടത്തുക എന്നിവയായിരുന്നു ഈ പദ്ധതിയിലെ പ്രധാന ഘടകങ്ങള്‍.
പെണ്‍കുട്ടികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റുന്നതിനാണ് നരേന്ദ്രമോദി സർക്കാർ എന്നും ശ്രമിച്ചിരുന്നത് . പ്രധാനമന്ത്രി മോദി തന്റെ മന്‍ കി ബാത്തില്‍, ഹരിയാനയിലെ ബിബിപ്പൂര്‍ ഗ്രാമത്തലവന്‍ ആരംഭിച്ച പുത്രിക്കൊപ്പം ഒരു സെല്‍ഫിയെന്ന പദ്ധതിയെ പുകഴ്ത്തുകയുണ്ടായി. ഇതേ തുടര്‍ന്ന് പെണ്‍മക്കള്‍ക്കൊപ്പം സെല്‍ഫി എടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാന്‍ പ്രധാന മന്ത്രി എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയും ഈ പരിപാടി ലോകമെമ്പാടും വലിയ പൊതുജന ശ്രദ്ധ നേടുകയും ചെയ്തു. ഇന്ത്യയിലെയും വിവിധ രാജ്യങ്ങളിലെയും ആളുകള്‍ പെണ്‍മക്കള്‍ക്കൊപ്പം സെല്‍ഫി എടുക്കുകയും അത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും സ്വന്തം പെണ്‍മക്കളെ കുറിച്ച് അഭിമാനിക്കുകയും ചെയ്തു. വെറും വാക്കുകൾ ക്കൊണ്ട് പറയുന്നതല്ല നരേന്ദ്രമോദി സർക്കാരിന്റെ സ്ത്രീശാക്തീകരണം എന്ന് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റ് നമുക്ക് കാട്ടിത്തന്നു . രാജ്യത്തെ വനിതകളുടെ ക്ഷേമത്തിന് കേന്ദ്രബജറ്റില്‍ 28,600 കോടി രൂപയാണ് ബജറ്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. വനിതാ ക്ഷേമത്തിനായുള്ള പ്രഖ്യാപനം നടത്തുന്നതിനിടെ ഒന്നാം മോദി സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ പദ്ധതിയെ കുറിച്ച് കൂടി ധനമന്ത്രി സൂചിപ്പിക്കുകയുണ്ടായി.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ‘ബേട്ടി ബച്ചാവോ’ പദ്ധതി വന്‍ വിജയമാണെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു .പദ്ധതിയുടെ വിവരങ്ങൾ പുറത്തുവരുമ്പോൾ സ്‌കൂളുകളില്‍ പ്രവേശനം നേടിയ പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളേക്കാള്‍ കൂടുതലാണ്. സ്‌കൂള്‍ പ്രാഥമിക തലങ്ങളില്‍ 94.32 ശതമാനം പെണ്‍കുട്ടികള്‍ പ്രവേശനം നേടി. ദ്വിതീയ തലത്തില്‍ 81.32 ശതമാനവും ഉന്നത വിദ്യാഭ്യാസത്തിന് 59.7 ശതമാനം പെണ്‍കുട്ടികളും പ്രവേശനം നേടിയെന്നും ധനമന്ത്രി പറഞ്ഞു. ഇവയിലെല്ലാം പെൺകുട്ടികൾ ആൺകുട്ടികളെ കടത്തിവെട്ടി. ഒരു കാലത്ത് പെൺഭ്രൂണഹത്യ സാധാരണമായിരുന്ന ഒരു രാജ്യത്താണ് ഇത് സാദ്ധ്യമായത്.കേവലം ആറു വർഷം കൊണ്ട് ഒരു സർക്കാർ വരുത്തിയ മാറ്റങ്ങളാണ് ഇതെന്ന് നമ്മൾ ഓർക്കണം .
വിദ്യാഭ്യാസത്തിനായി കാലാകാലങ്ങളായി വിവിധ പദ്ധതികള്‍ രാജ്യം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ലോക്യരാജ്യങ്ങള്‍ പോലും മികച്ചതെന്ന് വിലയിരുത്തിയ പദ്ധതിയാണ് ബേട്ടീ ബച്ചാവോ. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിരക്ക് വര്‍ദ്ധിക്കുന്നു എന്ന കണക്ക് രാജ്യത്തിന്റെ സാമ്പത്തിക മേഖലയും പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. സ്ത്രീവിദ്യാഭ്യാസ നിരക്ക് മാറ്റം വരുത്തുന്നത് കേവലം കുടുംബ പശ്ചാത്തലത്തിന് മാത്രമല്ല രാജ്യത്തിന്റെ മൊത്തമായ വികസനവും സാമൂഹിക പശ്ചാത്തലവുമാണെന്ന ദീര്‍ഘവീക്ഷണത്തില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു പദ്ധതി ഉയര്‍ന്നുവന്നതെന്നതും ആഘോഷിക്കപ്പെടേണ്ടതാണ്.
ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി പ്രത്യേക പദ്ധതികള്‍ കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപനം നടത്തി. ഒന്നാം മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വനിത ക്ഷേമ പദ്ധതികളുടെ പിന്തുടര്‍ച്ച മാത്രമാണ് ഈ പദ്ധതികളും. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് പോഷാകാഹാര പദ്ധതിയ്ക്കായി സര്‍ക്കാര്‍ നീക്കിവെച്ച 6000 രൂപ എന്ന വിഹിതം രാജ്യത്തെ പെണ്‍ഭ്രൂണഹത്യ നിരക്കുകള്‍ കുറയുന്നതിന് വലിയ കാരണമായെന്നാണ് ഗ്രാമീണമേഖലയിലെ വികസന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പോഷകാഹാര പദ്ധതികള്‍ക്കായി 35,600 കോടി രൂപ 2020-21 ബജറ്റിലും വകയിരുത്തിയിട്ടുണ്ട്. രാജ്യത്തെ പത്തു കോടി വീടുകളിലെ പോഷകാഹാര സ്ഥിതി വിലയിരുത്താന്‍ ആറു ലക്ഷം അങ്കണവാടി ജീവനക്കാര്‍ക്ക് സ്മാര്‍ട് ഫോണ്‍ നല്‍കുന്ന പദ്ധതിയും സ്ത്രീ ശാക്തീകരണം അടിവരയിട്ടുറപ്പിക്കുന്നതിനുള്ള മോദി സര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കങ്ങളാണ്.
പാവപ്പെട്ട വീട്ടമ്മമാര്‍ക്ക് സൗജന്യമായി പാചകവാതകം ലഭ്യമാക്കുന്ന ഉജ്ജ്വല യോജന പദ്ധതിയില്‍ എട്ടു കോടിയിലേറെപ്പേര്‍ക്കാണ് എല്‍പിജി ഇതിനകം ലഭിച്ചത്. പ്രധാനമന്ത്രി മുദ്രായോജന (പിഎംഎംവൈ) പ്രകാരം 2020 ജനുവരി 31 വരെ വായ്പയെടുത്തവരില്‍ 70 ശതമാനവും സ്ത്രീകളാണ്. പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലെ 38.13 കോടി ഗുണഭോക്താക്കളില്‍ 20.33 കോടി വനിതകളാണുള്ളത്
ആറ് ലക്ഷം അങ്കണവാടി പ്രവര്‍ത്തകരുടെ പക്കല്‍ സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുന്ന പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്തുക എന്ന നേട്ടമാണ്. പത്ത് കോടി വീടുകളിലെ കുട്ടികളുടെ ആരോഗ്യവിവരങ്ങളും പോഷകാരോഗ്യവിവരങ്ങളും ഇത് വഴി കേന്ദ്രമന്ത്രാലയത്തിന് നേരിട്ട് ലഭിക്കുന്നു. ഇത് വന്‍ നേട്ടമാണെന്നും ധനമന്ത്രി സൂചിപ്പിച്ചു.മാതൃമരണ നിരക്ക് കുറയ്‌ക്കേണ്ടതിന്റെ അത്യാവശ്യവും ധനമന്ത്രി ബജററവതരണത്തില്‍ വ്യക്തമാക്കി.1978-ലാണ് ഏറ്റവുമൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ വിവാഹപ്രായം ഉയര്‍ത്തിയത്. 15-ല്‍ നിന്ന് 18 ആക്കിയാണ് ഉയര്‍ത്തിയത്. പെണ്‍കുട്ടികള്‍ കൂടുതല്‍ പഠിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ വിവാഹം ഇതിനൊരു തടസ്സമോ, അമ്മയാവുന്നത് ഇതിന് ബുദ്ധിമുട്ടോ ആകാതിരിക്കാന്‍ സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കുമെന്നും നിർമ്മല സീതാരാമൻ ബജറ്റിൽ പ്രസ്താവിച്ചിരുന്നു .
ഒരു രാജ്യത്തിന്റെ ആഭ്യന്തര സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിന്റെ ഏറ്റവും നിര്‍ണ്ണായകമായ ചുവടുവെയ്പ്പുകൂടിയാണ് ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതിയിലൂടെ മോദി സര്‍ക്കാര്‍ നടത്തിയതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്ന കാലം വിദൂരമല്ല.
Post Your Comments