ഭോപ്പാല്‍: കോണ്‍ഗ്രസ് എംഎൽഎ മാരുടെ തിരോധാനത്തിന് പിന്നിൽ ബിജെപി ആണെന്നുള്ള ആരോപണം നിലനിൽക്കെ പ്രതികാര നടപടിയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. രാഷ്ട്രീയ നാടകങ്ങള്‍ ഒന്നൊന്നായി അരങ്ങേറുന്ന മധ്യപ്രദേശില്‍ ബിജെപി എംഎല്‍എ സഞ്ജയ് പാഠക്കിന്റെ റിസോര്‍ട്ട് കമല്‍നാഥ് സര്‍ക്കാര്‍ പൊളിച്ചു നീക്കി. ബിജെപി എംഎൽഎ കോൺഗ്രസിൽ ചേരാൻ വിസമ്മതിച്ചതാണ് ഇതിന് കാരണമെന്നാണ് ബിജെപി വൃത്തങ്ങളുടെ ആരോപണം.അതേസമയം കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് സഞ്ജയ് പാഠക് ആരോപിച്ചു.
ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ടെന്നും എന്നാല്‍ ബിജെപിക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നും സഞ്ജയ പാഠക് പറഞ്ഞു. ഉമാരിയ ജില്ലാ ഭരണകൂടമാണ് റിസോര്‍ട്ട് പെളിച്ചത്. ഒപ്പം സഞ്ജയ് കുടുംബത്തിന്റെ രണ്ടു ഖനികളും പൂട്ടിച്ചു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചതു മുതല്‍ അവിടെ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ പോരു തുടങ്ങിയതാണ്. ചെറിയ ഭൂരിപക്ഷത്തിലാണ് കമല്‍നാഥ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. എംഎല്‍എമാരെ അടര്‍ത്തിമാറ്റി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ “ഓപ്പറേഷന് താമര’ തന്നെ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ നീക്കത്തിന്റെ മുഖ്യ സൂത്രധാരന്‍ സഞ്ജയ് പാഠക് എംഎല്‍എയാണെന്നും പറയപ്പെടുന്നു.കഴിഞ്ഞ ദിവസം നാലു കോണ്‍ഗ്രസ് എംഎല്‍എമാരടക്കം എട്ട് എംഎല്‍എമാരെ ഹരിയാനയിലെ ഒരു റിസോര്‍ട്ടിലേയ്ക്ക് ബിജെപി മാറ്റിയതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതില്‍ ആറുപേര്‍ ബുധനാഴ്ച ഭോപ്പാലില്‍ തിരിച്ചെത്തിയിരുന്നു. ഒരു കോണ്‍ഗ്രസ് എംഎല്‍എ രാജിവയ്ക്കുകയും ചെയ്തു.
Post Your Comments