കൊച്ചി: മുനമ്പത്ത് അറസ്റ്റിലായ ക്വട്ടേഷന്‍ സംഘം കേരളത്തിലെത്തിയത് ബിജെപി നേതാവിനെ വധിക്കാന്‍ ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ട്. ആലുവ റൂറല്‍ എസ്പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച തമിഴ്നാട്ടില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ് സ്റ്റൈലിലുള്ള വാളുകളുമായിട്ടാണ് സംഘം മുനമ്പത്തെ ഒരു ഹോം സ്റ്റേയില്‍ തമ്പടിച്ചിരുന്നത്.അതേസമയം സംഘത്തിലുള്ളവര്‍ക്ക് പരസ്പരം അറിയില്ല. എന്നാല്‍ ക്വട്ടേഷന്‍ നല്കിയ ആള് ആരെന്ന കാര്യം പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒരാഴ്ചയോളമായി സംഘം മുനമ്പം ബീച്ചില്‍ തമ്പടിച്ചിരിക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കന്യാകുമാരി, കുളച്ചല്‍ മേഖലയിലെ ഏഴു പേരും പറവൂര്‍ സ്വദേശിയുമടങ്ങുന്ന സംഘം തമിഴ്നാട്ടിലെ ഒരു ഗ്യാംഗ് വാര് ടീമാണെന്നാണ് പോലീസ് കരുതുന്നത്. പലരും തമിഴ്നാട്ടില്‍ ഒന്നിലേറെ കൊലപാതകളില്‍ പ്രതികളാണെന്ന് പോലീസിനു അന്വേഷണത്തില്‍ മനസിലായിട്ടുണ്ട്.കേരളത്തിലെ ഒരു ബിജെപി നേതാവിനെ ലക്ഷ്യമിട്ടാണ് സംഘം എത്തിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. വിവരം ആലുവ റൂറല്‍ എസ്പി രഹസ്യമായി അറിഞ്ഞതോടെ മുനമ്പം ബീച്ചില്‍ റെയ്ഡിന് ഉത്തരവിടുകയായിരുന്നു.
അറസ്റ്റിലായവരെ ചോദ്യം ചെയ്ത് സംഘത്തെ കൊച്ചിയില്‍ എത്തിച്ചവരെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പോലീസ്. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും റൂറല്‍ എസ്പിയുടെ സ്ക്വാഡുമാണ് ക്വട്ടേഷന്‍ സംഘത്തെ ചോദ്യം ചെയ്തത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് സൂചന.
Post Your Comments