കരുനാഗപ്പള്ളി•കൊറോണ വൈറസ് ഭീതി പടരുന്ന സാഹചര്യത്തില്‍ മാതാ അമൃതാനന്ദമയീ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നത് താത്ക്കാലികമായി അവസാനിപ്പിച്ചു. ആരോഗ്യവകുപ്പിന്‍റെ നിര്‍ദശത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് മഠം അറിയിച്ചു. വിദേശികളടക്കം രാജ്യത്ത് മുപ്പത്തിലേറെ പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം അവസാനിപ്പിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അമൃതാനന്ദമയീ മഠത്തോട് ആവശ്യപ്പെടുകയായിരുന്നു.
പ്രതിദിനം മൂവായിരത്തോളം പേരെയാണ് കൊല്ലം വള്ളിക്കാവിലെ ആശ്രമത്തില്‍ അമൃതാനന്ദമായീ കാണാറുള്ളത്.
ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണത്തെ തുടര്‍ന്ന് മാതാ അമൃതാനന്ദമയീ മഠത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി വ്യസനസമേതം അറിയിക്കുന്നു. വിദേശികളും സ്വദേശികളുമായി നിരവധി ഭക്തജനങ്ങള്‍ തങ്ങുന്ന ആശ്രമം ഇപ്പോള്‍ ആരോഗ്യവകുപ്പിന്‍റെ നിരന്തര നിരീക്ഷണത്തിലും പരിശോധനയിലുമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്‍മാരേയോ വിദേശികളെയോ ആശ്രമത്തില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ല.
പകല്‍ സമയത്തെ സന്ദര്‍ശനത്തിനും ആശ്രമത്തില്‍ താമസിക്കുന്നതിനും നിയന്ത്രണം ബാധകമാണ്. വിദേശ പൗരന്‍മാര്‍ എത്ര കാലം മുന്‍പ് ഇന്ത്യയില്‍ എത്തിയതാണെങ്കിലും ഈ നിയന്ത്രണം പാലിക്കേണ്ടതായിട്ടുണ്ട്. ദൈവാനുഗ്രഹം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും ഈ സാഹചര്യം വൈകാതെ മാറും എന്നു കരുതാം – സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി അറിയിച്ചു കൊണ്ട് അമൃതാനന്ദമയീ മഠത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന അറിയിപ്പില്‍ പറയുന്നു.
Post Your Comments