കുണ്ടൂസ്: ഭീകരാക്രമണത്തിൽ, സൈനികരും പോലീസുകാരും ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനില്‍ താലിബാന്‍ ആണ് സമാധാനക്കരാര്‍ ലംഘിച്ച് വ്യത്യസ്ത ആക്രമണങ്ങൾ നടത്തിയത്. ചൊവ്വാഴ്ച രാത്രി കുണ്ടൂസിലെ ഇമാം സാഹിബ് ജില്ലയില്‍ മൂന്നു സൈനിക പോസ്റ്റുകള്‍ക്കുനേരെയുണ്ടായ താലിബാൻ ആക്രമണത്തിൽ 10 സൈനികരും നാലുപോലീസുകാരും,. മധ്യ ഉറുസ്ഗാന്‍ പ്രവിശ്യയിലുണ്ടായ മറ്റൊരാക്രമണത്തില്‍ ആറുപോലീസുകാരും കൊല്ലപ്പെട്ടു, ഏഴു പേർക്ക് പരിക്കേറ്റു.
സംഭവത്തിനു ശേഷം ഹെല്‍മാണ്ട് പ്രവിശ്യയിലെ താലിബാന്‍കേന്ദ്രങ്ങളില്‍ യു.എസ്. സൈന്യം വ്യോമാക്രമണം നടത്തി. അഫ്ഗാന്‍ സൈനികരെ ആക്രമിച്ചതിനുള്ള തിരിച്ചടിയായിരുന്നു ഇതെന്നും ചൊവ്വാഴ്ചമാത്രം ഹെല്‍മാണ്ടില്‍ 43 ആക്രമണങ്ങളാണ് താലിബാന്‍ നടത്തിയതെന്നും യു.എസ്. േസനയുടെ അഫ്ഗാനിലെ വക്താവ് സണ്ണി ലെഗെറ്റ് പറഞ്ഞു.
താലിബാന്റെ രാഷ്ട്രീയകാര്യനേതാവ് മുല്ല ബരദറുമായി സൗഹൃദസംഭാഷണം നടത്തിയെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു ആക്രമണം. 18 വര്‍ഷത്തെ യുദ്ധം അവസാനിപ്പിക്കാൻ യു.എസുമായി ശനിയാഴ്ചയാണ് താലിബാന്‍ സമാധാനക്കരാറിൽ ഒപ്പ് വെച്ചത്. എന്നാല്‍, അഫ്ഗാന്‍ ജയിലുകളിലുള്ള താലിബാന്‍ തടവുകാരെ വിട്ടയക്കുന്നതില്‍ പ്രസിഡന്റ് അഷറഫ് ഘനി എതിര്‍പ്പറിയിച്ചതോടെ സൈന്യത്തിനുനേരെ അവര്‍ ആക്രമണത്തിന് തുടക്കമിടുകയായിരുന്നു. 11 ദിവസത്തെ ശാന്തതയ്ക്കു ഒടുവിൽ യു.എസ്. താലിബാനെ ആക്രമിച്ചതോടെ യു.എസ്.-താലിബാന്‍ സമാധാനക്കരാറിന്റെ ഭാവി കൂടുതല്‍ അനിശ്ചിതത്വത്തിലായി.
Post Your Comments