KeralaLatest NewsNews

സംസ്ഥാനത്ത് ആദ്യമായി സ്ത്രീകള്‍ക്ക് തണലായി വണ്‍ഡേ ഹോം

മാര്‍ച്ച് 7ന് രാവിലെ 10 മണിക്ക് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിക്കും

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അടിയന്തിര ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍, പെണ്‍കുട്ടികള്‍, അമ്മമാരോടൊപ്പമുളള 12 വയസുവരെയുളള ആണ്‍കുട്ടികള്‍ എന്നിവര്‍ക്കായി തലസ്ഥാന നഗരിയില്‍ വണ്‍ ഡേ ഹോം പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ എട്ടാം നിലയിലാണ് നഗരസഭയുടെ സഹകരണത്തോടെ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വണ്‍ഡേ ഹോം സജ്ജമാക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് വണ്‍ ഡേ ഹോം ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

6 ക്യുബിക്കിളും 25 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മിറ്ററിയുമാണ് വണ്‍ ഡേ ഹോമില്‍ സജ്ജമാക്കിയിരിക്കുന്നത്. എയര്‍കണ്ടീഷന്‍ സൗകര്യം, ഡ്രെസിംഗ് റൂം, ടോയിലറ്റുകള്‍, കുടിവെള്ളം എന്നീ സൗകര്യങ്ങള്‍ ഉണ്ടാകും. അശരണരായ വനിതകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഈ സ്ഥാപനത്തില്‍ പ്രവേശനത്തിന് അഡ്വാന്‍സ് ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ല. പ്രവേശന സമയത്ത് തിരുവനന്തപുരത്ത് എത്തിയതിന്റെ കാരണം ജീവനക്കാരെ ബോധ്യപ്പെടുത്തേണ്ടതും ഒരാള്‍ക്ക് ഒരു ദിവസത്തേക്ക് മാത്രം പ്രവേശനം അനുവദിക്കുന്നതുമാണ്. അഡ്മിഷന്‍ സമയത്ത് ഒറിജിനല്‍ ഐഡി പ്രൂഫ് ഹാജരാക്കേണ്ടതാണ്. അടിയന്തിര സാഹചര്യങ്ങളില്‍ 3 ദിവസം വരെ പ്രവേശനം അനുവദിക്കുന്നതാണ്. 3 ദിവസത്തില്‍ കൂടുതല്‍ താമസം അനുവദനീയമല്ല. ചെറിയ തുക ഈടാക്കിയാണ് വണ്‍ ഡേ ഹോം അനുവദിക്കുന്നത്.

സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ജീവനക്കാരുടെ പെരുമാറ്റം എന്നിവ സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍, നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ directorate.wcd@kerala.gov.in എന്ന ഇ മെയില്‍ വിലാസത്തിലോ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ 0471 – 2346508 എന്ന ഫോണ്‍ നമ്പറിലോ അറിയിക്കാവുന്നതാണ്. സ്ഥാപനത്തിലെ ജീവനക്കാരുടെ ബന്ധുക്കളെ അനധികൃതമായി സ്ഥാപനത്തില്‍ താമസിപ്പിക്കുന്നതല്ല.

തിരുവനന്തപുരം തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ എട്ടാം നിലയിലുള്ള വണ്‍ഡേ ഹോമിന്റെ ഉദ്ഘാടനം മാര്‍ച്ച് ഏഴാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നതാണ്. മേയര്‍ കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button