നെടുമ്പാശേരി : കൊറോണ ഭീതിയെ ആയുധമാക്കി കോടികളുടെ സ്വര്‍ണക്കടത്ത് , മലയാളികള്‍ പിടിയിലായി. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്. അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒന്നര കോടിയോളം രൂപ വില വരുന്ന 3392 ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്നു പിടികൂടിയത്. ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ഇറ്റലിയില്‍ നിന്ന് ദോഹ വഴി എത്തിയ കോട്ടയം സ്വദേശികളും ബന്ധുക്കളുമായ ജോമോന് ഫിലിപ് (45), മൈമോള് (38) എന്നിവരാണു പിടിയിലായത്.
ജോമോന് 86 ലക്ഷം രൂപ വില വരുന്ന 1994 ഗ്രാം തൂക്കമുള്ള 9 സ്വര്‍ണദണ്ഡുകള്‍ പാന്റിന്റെ അരപ്പട്ടയില്‍ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ചിരിക്കുകയായിരുന്നു. 60 ലക്ഷം രൂപ വിലവരുന്ന 1397 ഗ്രാം തൂക്കമുള്ള 7 സ്വര്‍ണദണ്ഡുകള്‍ വളയുടെ രൂപത്തിലാക്കി മൈമോള് ഇരു കൈകളിലും ധരിച്ച ശേഷം ജാക്കറ്റുപയോഗിച്ചു മറച്ചിരിക്കുകയായിരുന്നു. ഇറ്റലിയില്‍ നിന്നുള്ള യാത്രക്കാരായതിനാല്‍ കൊറോണ ഭീതിയില്‍ കാര്യമായ ദേഹ പരിശോധനകളില്ലാതെ കടത്തിവിടുമെന്നു കരുതി സ്വര്‍ണമൊളിപ്പിച്ചു വന്നതാണെന്നു കരുതുന്നു.
ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ക്കു മുന്‍പുള്ള മെഡിക്കല്‍ പരിശോധനാ വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി. തുടര്‍ന്ന് ഇവരെ സിസിടിവി വഴി അറൈവല്‍ ബാഗേജ് ഏരിയ വരെ നിരീക്ഷിച്ച ശേഷം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഇവരുടെ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
Post Your Comments