തൃശ്ശൂര്‍•വിവാഹം കഴിഞ്ഞ് 14 ാം ദിവസമാണ് പെരിങ്ങോട്ടുകര കിഴക്കുംമുറി കരുവേലി വീട്ടിൽ അരുണിന്റെ ഭാര്യ ശ്രുതി (26) യെ ബാത്ത്റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ആരും സംശയം പ്രകടിപ്പിക്കാതിരുന്നതിനാല്‍ ഹൃദയാഘാതമോ മറ്റോ സംഭവിച്ചതാകാം എന്ന് കരുതി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സ്വാഭാവിക മരണമെന്ന നിലയില്‍ ശവസംസ്കര ചടങ്ങുകളും നടത്തി.
എന്നാല്‍ കഴിഞ്ഞ ദിവസം വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മരണത്തില്‍ സംശയം ഉയര്‍ന്നിരിക്കുന്നത്. അസ്വാഭാവിക മരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. കഴുത്തിന് ചുറ്റുമുള്ള നിർബന്ധിത ബലം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.
2020 ജനുവരി ആറിനു രാത്രി ഒന്‍പതരയോടെ പെരിങ്ങാട്ടുകരയിലുള്ള അരുണിന്റെ വീട്ടിലാണ് ശ്രുതിയെ മരിച്ചനിലയ്ല് കണ്ടെത്തിയത്. മകൾ മരിച്ച് മുപ്പത്തിയെട്ടാം ദിവസമായ ഫെബ്രുവരി 13നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈയിൽ കിട്ടിയതെന്നും അതിലെ വിവരങ്ങൾ അറിയുന്നതു വരെയും മകളുടെ മരണ ത്തിൽ സംശയം തോന്നിയിരുന്നില്ലെന്നും ശ്രുതിയുടെ പിതാവ് മുല്ലശേരി പറന്പൻതളി സ്വദേശി നരിയംപുള്ളി ആനേടത്ത് സുബ്രഹ്മണ്യൻ പറയുന്നു.
മുഖത്തും തലയിലും കഴുത്തിലും മുറിവുകളുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചനകളുണ്ട്.
ആസൂത്രിതമായ ഒരു കൊലപാതകമാണെന്നുപോലും സംശയിക്കാവുന്ന സൂചനകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് അന്തിക്കാട് പൊലിസിനു നൽകിയ പരാതിയിൽ പിതാവ് ആവശ്യപ്പെട്ടു.
ശ്രുതിയുടെ മരണം സംബന്ധിച്ച് ഭർതൃവീട്ടുകാർ ആദ്യം നൽകിയ മൊഴിയും ഇപ്പോൾ ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്ന് സ്ഥിരീകരിച്ച അന്തിക്കാട് പോലീസ് ഇത് സംബംന്ധിച്ച് പഴുതടച്ച അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
Post Your Comments