ദുബായ്: ഓണ്‍ലൈനില്‍ സ്ത്രീക്കു നേരെ ബലാത്സംഗ ഭീഷണി മുഴക്കിയ ഇന്ത്യക്കാരനെതിരെ ശക്തമായ നടപടി സ്വീകരിച്ച് ദുബായ്. സ്ത്രീക്കു നേരെ ബലാത്സംഗ ഭീഷണി മുഴക്കിയ ഇന്ത്യക്കാരനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഡല്‍ഹിയില്‍നിന്നുള്ള നിയമവിദ്യാര്‍ഥിനി സ്വാതി ഖന്ന പൗരത്വ നിയമ ഭേദഗതിക്കെതിരേ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിനെ തുടര്‍ന്നാണ് ഇയാള്‍ ബലാത്സംഗ ഭീഷണി മുഴക്കിയത്. സ്വാതിയെ വേശ്യയെന്നും ഡല്‍ഹി കലാപത്തിനിടെ പീഡിപ്പിക്കപ്പെടുമെന്നും ഇയാള്‍ പറഞ്ഞു.
ദേരയിലെ ഗോള്‍ഡ് സൂക്കിനടുത്തുള്ള 24 ഗോള്‍ഡ് ഹോട്ടലിലെ ഗ്രാന്‍ഡ് ബാര്‍ബെക്യൂ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ ഷെഫായ ത്രിലോക് സിംഗിനെയാണു പിരിച്ചുവിട്ടതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റെസ്റ്റോറന്റിലെ ഹെഡ് ഷെഫായിരുന്നു ത്രിലോക്. ഞായറാഴ്ച വൈകിട്ട് ത്രിലോകിനെ പിരിച്ചുവിട്ടതായി റെസ്റ്റോറന്റിന്റെ സഹ ഉടമ എച്ച്. ഗനി അറിയിച്ചു. ഇയാളുടെ കരാര്‍ റദ്ദാക്കിയെന്നും വിസ റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ഗനി വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ ബൈന്ജവാഡി സ്വദേശിയായ ത്രിലോക് രണ്ടു വര്‍ഷമായി ഈ റെസ്റ്റോറന്റില്‍ ജോലി ചെയ്യുകയായിരുന്നു.
സ്ത്രീക്കു നേരെ ബലാത്സംഗ ഭീഷണി മുഴക്കിയ സംഭവം വിവാദമായതോടെ നിരവധി പേര് വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമങ്ങളില്‍ ഭീഷണി വാര്‍ത്തയായതോടെയാണ് ത്രിലോകിനെ കണ്ടെത്തുന്നതും ജോലിയില്‍നിന്നു പിരിച്ചുവിടുന്നതും.
Post Your Comments