പാമ്പുകളില്ലാത്ത രാജ്യത്ത് നിന്ന് പാമ്പു കടിയേറ്റ് യുവാവ് ചികില്‍സയില്‍. അയര്‍ലാന്‍ഡില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ മൂലം അയര്‍ലാന്‍ഡില്‍ പാമ്പുകളില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം എന്നാല്‍ ഇപ്പോള്‍ ചരിത്രത്തില്‍ ആദ്യമായി പാമ്പു കടിയേറ്റതിനുള്ള ചികില്‍സ സ്വീകരിക്കുകയാണ് 22 വയസുള്ള യുവാവ്. അയര്‍ലാന്‍ഡില്‍ ഇതാദ്യമാണ് ഒരാള്‍ക്ക് ആന്റിവെനം ആവശ്യമായി വന്നതെന്ന് അധികൃതര്‍ പറയുന്നു.
പഫ് അഡ്ഡര് എന്ന ഇനത്തിലെ പാമ്പാണ് ഇയാളെ കടിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ പാമ്പിനെ ഇയാള്‍ വളര്‍ത്തുന്നതാണ് എന്നാണ് സൂചന. മനുഷ്യര്‍ക്ക് വാസയോഗ്യമായ എല്ലാ പ്രദേശങ്ങളിലും കാണപ്പെടുന്ന ജീവിയാണ് പാമ്പ്. എന്നാല്‍ യൂറോപ്യന്‍ രാജ്യമായ അയര്‍ലന്‍ഡില്‍ പാമ്പുകളില്ല. പാട്രിക് പുണ്യാളന് പാമ്പുകളെ അയര്‍ലന്‍ഡില്‍ നിന്നു കുടിയിറക്കി സമുദ്രത്തിലേക്കു പായിച്ചുവെന്നാണ് ഇവരുടെ വിശ്വാസം. പുണ്യാളന്റെ ആ പ്രവൃര്‍ത്തിയോടെ പാമ്പുകള്‍ക്ക് വിലക്കപ്പെട്ട പ്രദേശമായി അയര്‍ലന്‍ഡ് മാറിയെന്നും ഒരു വിഭാഗം വിശ്വസിക്കുന്നു.
എന്നാല്‍ അയര്‍ലന്‍ഡില്‍ പാമ്പുകള്‍ ഇല്ലാത്തിന്റെ യാഥാര്‍ഥ്യം തേടിയ ശാസ്ത്രം ഒരുത്തരം കണ്ടെത്തി. അയര്‍ലന്‍ഡിലെ പാമ്പുകള്‍ എവിടേയ്ക്കും പോയതല്ലെന്നും ഇവിടെ ഒരു കാലത്തും പാമ്പുകള്‍ ഉണ്ടായിരുന്നില്ലെന്നുമാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഏതാണ്ട് 100 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് പാമ്പുകള്‍ ഭൂമിയില്‍ ആവിര്ഭവിച്ചപ്പോള് ഗ്വോണ്ടാന ലാന്‍ഡ് എന്ന ഒറ്റ വന്‍കരയായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്ത് അയര്‍ലന്‍ഡ് ഈ കരയുടെ ഭാഗമായിരുന്നില്ല. അയര്‍ലന്‍ഡ് പിന്നെയും ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സമുദ്രത്തിനടിയില്‍ നിന്നും പുറത്തേക്കു വന്നത്.
ഈ സമയത്ത് അയര്‍ലന്‍ഡ് ആര്‍ട്ടിക്കിനു തുല്യമായ രീതിയില്‍ മഞ്ഞു മൂടി കിടക്കുകയായിരുന്നു. മഞ്ഞു പാളികള്‍ വഴി അയര്‍ലന്‍ഡ് ബ്രിട്ടനുമായി ബന്ധപ്പെട്ടു കിടന്നിരുന്നുവെങ്കിലും മഞ്ഞു മൂലം ഇവിടേക്കു പാമ്പുകള്‍ കുടിയേറാന്‍ താല്പര്യം പ്രകടിപ്പിച്ചില്ല. അയര്‍ലന്‍ഡില്‍ നിന്ന് മഞ്ഞ് പൂര്‍ണ്ണമായും ഇല്ലാതാകുന്നത് 15000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. എന്നാല്‍ ഈ സമയമായപ്പോഴേക്കും മഞ്ഞുരുകി ബ്രിട്ടനും അയര്‍ലന്‍ഡിനും ഇടയില്‍ പന്ത്രണ്ട് മൈല്‍ ദൂരത്തില്‍ സമുദ്രം രൂപപ്പെടുകയും ചെയ്തു. ഇതോടെ പാമ്പുകള്‍ക്ക് വിലക്കപ്പെട്ട ഇവിടം എത്തിചേരാനുള്ള അവസാന അവസരവും നഷ്ടമായി.
Post Your Comments