കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനം പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ മരണകാരണം ന്യൂമോണിയ. ഇന്ന് മരിച്ച യോഹന്നാന്റെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് കണ്ടെത്തല്‍. യോഹന്നാന്റെ ശരീരത്തിലോ ആന്തരികാവയവങ്ങളിലോ ക്ഷതമില്ല. യോഹന്നാന്റെ ആന്തരികാവയവങ്ങള്‍ കൂടുതല്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ ദിവസം മരിച്ച ഗിരീഷിനും ന്യുമോണിയ ബാധിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ മരണങ്ങളില്‍ ദുരൂഹതയില്ലെന്ന് കോട്ടയം ഡി.എം.ഒ ജേക്കബ് വര്‍ഗീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
മരണങ്ങളെല്ലാം സമാനമായ രീതിയിലാണ്. ഹൃദയസംബന്ധമായ രോഗാവസ്ഥയിലേക്ക് പെട്ടെന്ന് പോകുകയും അങ്ങനെ മരണം സംഭവിച്ചതാണെന്നുമാണ് കരുതുന്നതെന്ന് ഡി.എം.ഒ . വൈറസ് രോഗങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ഭക്ഷണത്തില്‍ നിന്നുള്ള എന്തെങ്കിലും കാരണമാണോ എന്നറിയുന്നതിനായി അന്തരിക അവയവങ്ങള്‍ അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് വിദശമായ പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ചികിത്സാ പിഴവുണ്ടെന്ന് കരുതുന്നില്ല. എം.ബി.ബി.എസ് പഠിച്ചവരാണ് മൂന്നു ഡോക്ടര്‍മാരും. അവരില്‍ രണ്ടു പേര്‍ സൈക്യാട്രിസ്റ്റുമാരാണ്.
ചികിത്സയുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ചകളൊന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൈക്യാട്രിക് ഡോക്ടര്‍ ഉള്‍പ്പെടെ തങ്ങള്‍ നടത്തിയ പരിശോധനയില്‍ കണ്ടിട്ടില്ലെന്നും ഡി.എം.ഒ അറിയിച്ചിരുന്നു. ചങ്ങനാശേരി തൃക്കൊടിത്താനത്ത് പ്രവര്‍ത്തിക്കുന്ന പുതുജീവന്‍ മാനസികാരോഗ്യ, ലഹരിവിമുക്ത കേന്ദ്രത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മൂന്ന് പേര്‍ മരിച്ചതാണ് വിവാദമായത്. പുതുജീവന്‍ കേന്ദ്രത്തില്‍ നിന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒന്‍പത് പേരില്‍ രണ്ട് പേര്‍ കഴിഞ്ഞ ദിവസങ്ങളിലും ഒരാള്‍ ഇന്ന് രാവിലെയുമാണ് മരിച്ചത്.
മൂന്നാമത്തെ മരണവും റിപ്പോര്‍ട്ട് ചെയ്തതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. 60ഓളം രോഗികള്‍ ഈ കേന്ദ്രത്തില്‍ ചികിത്സയിലുണ്ട് . കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഒരു സ്ത്രീ കുഴഞ്ഞുവീണതോടെയാണ് സംഭവത്തിന്റെ തുടക്കം. ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പോസ്റ്റുമോര്‍ട്ടത്തില്‍ ഇവരുടെ ശ്വാസകോശത്തില്‍ ചെറിയ വ്യതിയാനം കണ്ടതോടെയാണ് ന്യുമോണിയയോ വൈറസ് രോഗങ്ങളോ ബാധിച്ചിട്ടുണ്ടോയെന്ന് വിശദമായി പരിശോധിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി.
രണ്ടാമത്തെ രോഗി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം നടത്തിയിട്ടില്ല. മൂന്നാമത്തെ രോഗിയെ അവശനിലയില്‍ ആയതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ഇന്നു രാവിലൊണ് രോഗി മരിച്ചത്. ഈ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കി. ആന്തരിക അവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും ഡി.എം.ഒ പറഞ്ഞിരുന്നു.
Post Your Comments