ചങ്ങനാശ്ശേരി: തുടര്‍ച്ചയായി അന്തേവാസികള്‍ മരിച്ച ചങ്ങനാശ്ശേരി പായിപ്പാട് പുതുജീവന്‍ ആശുപത്രിക്ക് സംസ്ഥാന മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരമില്ല. 2016ല്‍ നല്‍കിയ അനുമതി 2019 ല്‍ റദ്ദാക്കിയിരുന്നു. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു നടപടി.പഴയ അനുമതിയുടെ പകര്‍പ്പ് പ്രദര്‍ശിപ്പിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എഡിഎം കളക്ടര്‍ക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഗൗരവമേറിയ കണ്ടെത്തലുകളുള്ളത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നത്.
മാലിന്യ സംസ്കരണത്തിന് സൗകര്യമില്ല, മലിനജലം കേന്ദ്രത്തില്‍ കെട്ടിക്കിടക്കുന്നുണ്ട്. കേന്ദ്രത്തില്‍ എട്ടു വര്‍ഷത്തിനിടെ 33 പേര്‍ മരിച്ചതായി മാനസികാരോഗ്യകേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍ തന്നെ എഡിഎം വ്യക്തമാക്കിയിരുന്നു. ഈ രോഗികളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ശുപാര്‍ശ റിപ്പോര്‍ട്ടിലുണ്ട്. ഇതിനായി ഡ്രഗ്സ് കണ്‍ട്രോളറുടെ പരിശോധന നടത്തണം. മരുന്നുകളുടെ അമിത ഉപയോഗം ആണോ സ്ഥാപനത്തില്‍ നടക്കുന്നതെന്ന് പരിശോധിക്കാനാണ് പരിശോധിക്കാനാണ് ഡ്രഗ്സ് കണ്‍ട്രോളറുടെ സഹായം തേടേണ്ടത്.
മരണങ്ങളില്‍ ചികിത്സാപിഴവ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും എഡിഎം ശുപാര്‍ശ ചെയ്യുന്നു.ആശുപത്രിക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ ഉള്ള നീക്കവുമായി പായിപ്പാട് പഞ്ചായത്തും രംഗത്തെത്തി. തെളിവെടുപ്പിനായി തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്ഥാപന ഡയറക്ടര്‍ വിസി ജോസഫിന് പഞ്ചായത്ത് നോട്ടീസ് നല്‍കി. കെട്ടിട നിര്‍മാണക്രമവല്‍ക്കരണം സംബന്ധിച്ച് വി.സി. ജോസഫിന്റെ വാദം കേള്‍ക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്ഥാപനത്തിന്‍റെശുചിത്വ സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം പഞ്ചായത്ത് റദ്ദാക്കിയിരുന്നു.
Post Your Comments