ബെംഗളൂരു: മന്ത്രവാദത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്. ബംഗളൂരുവിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി.) അറസ്റ്റുചെയ്തു. ദേവരാജ്, സായി കൃഷ്ണ, പെരുമാള്‍, മഞ്ജു എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി നാഗരാജ് ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
രാമമൂര്‍ത്തിനഗര്‍ എന്‍.ആര്‍.ഐ. ലേഔട്ട് സ്വദേശി ഗീത (48) ആണ് ഫെബ്രുവരി 20-ന് പോലീസില്‍ പരാതിനല്‍കിയത്. അടുത്തിടെ നിലവില്‍വന്ന അന്ധവിശ്വാസ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കുടുംബത്തില്‍ വിവിധ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെ 2009-ല്‍ ഭര്‍ത്താവ് മരിച്ചതായും പിന്നീട് 2014-ല്‍ സുഹൃത്തുവഴിയാണ് പ്രധാനപ്രതി നാഗരാജിനെ പരിചയപ്പെട്ടതെന്നും യുവതി പരാതിയില്‍ പറയുന്നു. ക്ഷേത്രത്തിലെ പൂജാരിയാണെന്നും ദൈവികസിദ്ധിയുണ്ടെന്നും അവകാശപ്പെട്ട നാഗരാജ് കുടുംബത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു.
ദുഷ്ടശക്തിയാല്‍ യുവതിയും മൂന്നുമക്കളും മരിക്കുമെന്നുള്‍പ്പെടെയുള്ള പേടിപ്പിക്കുന്ന കഥകള്‍ നാഗരാജ് പറഞ്ഞു വിശ്വസിപ്പിച്ചു. ഇതൊഴിവാക്കാന്‍ പൂജകള്‍ നടത്തണമെന്നും സ്വത്തുക്കള്‍ കൈയില്‍വെക്കരുതെന്നും യുവതിയോടു പറഞ്ഞു. സ്വത്ത് വിറ്റ് പണം തന്നെ ഏല്‍പ്പിക്കാനും പ്രശ്‌നകാലം തീര്‍ന്നുകഴിയുമ്‌ബോള്‍ പണം തിരികെ നല്‍കാമെന്നും നാഗരാജ് പറഞ്ഞു. ഇതു വിശ്വസിച്ച യുവതി സ്വന്തം പേരിലും മക്കളുടെ പേരിലുമുണ്ടായിരുന്ന വിവിധ ആസ്തികള്‍ വിറ്റ് നാഗരാജിന് അഞ്ചു കോടി രൂപയും മൂന്നു കിലോ സ്വര്‍ണവും നല്‍കിയതായി പോലീസ് പറഞ്ഞു.
പിന്നീട് പണം തിരികെ വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ ദുര്‍മന്ത്രവാദത്തിലൂടെ കുടുംബത്തെ കൊല്ലുമെന്ന് നാഗരാജ് ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതിനല്‍കിയത്. ഭര്‍ത്താവിന് കുടുംബപരമായി ലഭിച്ച വസ്തുക്കളായിരുന്നു വിറ്റതെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് ഇവരെ അറസ്റ്റുചെയ്തത്.
Post Your Comments