ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം സൗജന്യമായി നിര്‍മിച്ച് നല്‍കാമെന്ന വാഗ്ദാനമുണ്ടായിട്ടുണ്ടെന്ന് വിശ്വഹിന്ദ് പരിഷത്ത് നേതാക്കള്‍. നിര്‍മാണ ഭീമന്മാരായ ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ കമ്പനിയാണ് വാഗ്ദാനം ചെയ്തതെന്നാണ് നേതാക്കളുടെ അവകാശവാദം. സാങ്കേതിക സഹായവും നിര്‍മാണവും സൗജന്യമായി ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് എല്‍ ആന്‍ഡ് ടി കമ്പനി സമീപിച്ചെന്ന് വിഎച്ച്പി നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍, ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
രാമക്ഷേത്ര നിര്‍മാണത്തിനായി രൂപീകരിച്ച ശ്രീരാം തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയും വിഎച്ച്പി വൈസ് പ്രസിഡന്റുമായ ചമ്പത് റായി എല്‍ ആന്‍ഡ് ടി കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് ആദ്യവാരത്തിലാണ് ട്രസ്റ്റിന്റെ യോഗം. യോഗത്തില്‍ കമ്പനിയുടെ നിര്‍ദേശം ചര്‍ച്ചക്ക് വന്നേക്കും. ട്രസ്റ്റ് യോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരൂമാനമെടുക്കുക. അയോധ്യയിലെ സുപ്രീം കോടതി വിധിപ്രകാരം അനുവദിച്ച 2.77 ഏക്കര്‍ ഉള്‍പ്പെടെ 67 ഏക്കറില്‍ 270 അടി ഉയരത്തിലാണ് രാമക്ഷേത്രം നിര്‍മിക്കുക.
നാഗര ശൈലിയിലായിരിക്കും നിര്‍മാണം. അയോധ്യയില്‍ മുമ്പുണ്ടായിരുന്ന രാമക്ഷേത്രം നാഗര ശൈലിയില്‍ നിര്‍മിച്ചതായിരുന്നെന്നും അതുകൊണ്ടാണ് പുതിയ ക്ഷേത്രവും അതേ ശൈലിയില്‍ നിര്‍മിക്കുന്നതെന്നും ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് പറഞ്ഞു. ക്ഷേത്ര നിര്‍മാണത്തിന് സിമന്റും ഇരുമ്പും ഉപയോഗിക്കില്ല.
Post Your Comments