ദില്ലി: ശ്രീരാമന്റെ പേരില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും അതിനാല്‍ അയോദ്ധ്യയില്‍ പള്ളി നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പ്രഖ്യാപനവും അവര്‍ പുറപ്പെടുവിക്കുന്നില്ലെന്നും മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. രാമക്ഷേത്രം പുനര്‍ നിര്‍മ്മിക്കാന്‍ ട്രസ്റ്റ് രൂപീകരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് പറഞ്ഞത് സത്യമാണ്. എന്നാല്‍, അതോടൊപ്പം പള്ളിക്ക് മറ്റൊരു സ്ഥലത്തിന് കോടതി ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
എല്ലാവര്‍ക്കും നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നും മാലിക് പറഞ്ഞു. രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി ട്രസ്റ്റ് രൂപീകരിച്ചത് പോലെ പള്ളി പണിയാനും ട്രസ്റ്റ് രൂപീകരിക്കണമെന്ന എന്‍സിപി നേതാവ് ശരദ് പവാറിന്റെ ആവശ്യത്തിന് പിന്നാലെയാണ് മാലിക്കിന്റെ പ്രസ്താവന. മരിക്കണമെന്നുറപ്പിച്ച് വരുന്നവര്‍ ജീവിച്ചിരിക്കുന്നതെങ്ങനെയാണ് എന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പ്രസ്താവനയ്ക്കെതിരെയും മാലിക് വിമര്‍ശനം ഉന്നയിച്ചു.
ഒരു ജനാധിപത്യ രാജ്യത്ത് ആദിത്യനാഥിന്റെ ഇത്തരം പ്രസ്താവനയെ അംഗീകരിക്കാന്‍ സാധിക്കില്ല. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നാണ് സുപ്രീകോടതി പറയുന്നത്. പക്ഷേ അതിന് വിപരീതമായാണ് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലിസ് വെടിവെച്ചിരിക്കുന്നത്. ജനറല്‍ ഡയറിനെപ്പോലെയാണ് യോഗി പെരുമാറുന്നതെന്നും അത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മാലിക് പറഞ്ഞു.
Post Your Comments