ചെന്നൈ: പൗരത്വ നിയമവിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത ഐഐടി വിദ്യാര്‍ത്ഥിയുടെ വിസ റദ്ദാക്കിയെന്ന് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വിസ റദ്ദാക്കിയതിനൊപ്പം രാജ്യം വിടാനും ജര്‍മന്‍ പൗരനോട് ആവശ്യപ്പെട്ടുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജര്‍മന്‍ പൗരനായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മദ്രാസിലെ ജേക്കബ് ലിന്‍ഡെന്‍താലിനെ വിസ റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചുവെന്നാണ് സ്ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ഇന്ത്യന്‍ എക്സ്പ്രസിനെ ഉദ്ധരിച്ച് സ്ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചെന്നൈയില്‍ നടന്ന പ്രതിഷേധ റാലിയില്‍ അഡോള്‍ഡ് ഹിറ്റ്ലര്‍ക്ക് കീഴിലുണ്ടായിരുന്ന ജര്‍മനിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട പ്ലക്കാര്‍ഡും കയ്യിലേന്തിയിരുന്നു.ഫെബ്രുവരി എട്ടിനാണ് വിസ റദ്ദാക്കുന്നതിനെക്കുറിച്ച് ജര്‍മനിയിലെ ഇന്ത്യന്‍ എംബസി ജേക്കബിനെ അറിയിക്കുന്നത്. എന്നാല്‍ കാരണങ്ങള്‍ ഒന്നും തന്നെ വ്യക്തമാക്കിയിരുന്നില്ല. ടെക്നിക്കല്‍ യൂണിവേഴ്സിറ്റി- ഡ്രെസ്ഡനിലെ വിദ്യാര്‍ത്ഥിയായിരുന്ന ജേക്കബ് 2019 ജൂലൈയിലാണ് മദ്രാസ് ഐഐടിയില്‍ ഫിസിക്സ് വിഭാഗത്തില്‍ ചേരുന്നത്.
മെയ് മാസത്തോടെ കോഴ്സ് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ വിസ റദ്ദാക്കിയിട്ടുള്ളത്. ജൂണ്‍ 27നാണ് വിസയുടെ കാലാവധി തീരേണ്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജേക്കബ്ബിന്റെ വിസ റദ്ദാക്കിയ അവസ്ഥയിലാണുള്ളത്. അതിനര്‍ത്ഥം ഉടനെ ഇന്ത്യയിലേക്ക് മടങ്ങാനോ കോഴ്സ് പൂര്‍ത്തിയാക്കാനോ കഴിയില്ല എന്നുതന്നെയാണ്. എന്നാല്‍ വിസ റദ്ദാക്കിയ നടപടിയില്‍ സര്‍വ്വകലാശാലക്ക് പങ്കില്ല. അക്കാര്യം തീരുമാനിച്ചിട്ടുള്ളത് ഇമിഗ്രേഷന്‍ അധികൃതരാണെന്നാണ് ഐഐടി മദ്രാസ് ഡയറക്ടര്‍ ഭാസ്കര്‍ രാമമൂര്‍ത്തി അറിയിച്ചത്.
Post Your Comments