സ്പാനിഷ് സൂപ്പര്‍ക്ലബ് ബാഴ്‌സലോണ മുന്നോട്ടുവച്ച വാഗ്ദാനം നിരസിച്ച് ജര്‍മന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ടിമോ വെര്‍ണര്‍. ജര്‍മനിയില്‍ ബുണ്ടസ് ലീഗ കിരീടം ലക്ഷ്യമിടുന്ന റെഡ്ബുള്‍ ലെയ്പ്‌സിഗിന്റെ മിന്നും താരമായ വെര്‍ണര്‍ വരുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ ഏറ്റവും ആവശ്യക്കാരുള്ള താരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലെയ്പ്‌സിഗിനായി സീസണില്‍ 33 മത്സരങ്ങളില്‍ നിന്ന് 27 ഗോള്‍ നേടിയിട്ടുള്ള വെര്‍ണറിനായി ബാഴ്‌സലോണ അടുത്തിടെയാണ് രംഗത്തെത്തിയത്. എന്നാല്‍ മുമ്പേ തന്നെ പിന്നാലെ കൂടിയ ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിലേക്ക് ചേക്കേറാനാണ് താരത്തിന് മോഹമെന്നാണ് സൂചന. സൂപ്പര്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പിന്റെ കീഴില്‍ കളിക്കാനുള്ള വെര്‍ണറുടെ ആഗ്രഹമാണ് ഇതിനുപിന്നില്‍. അടുത്ത ട്രാന്‍സ്ഫര്‍ ജാലകത്തില്‍ മികച്ച വാഗ്ദാനവുമായി ലിവര്‍പൂള്‍ എത്തുമെന്ന പ്രതീക്ഷ വെര്‍ണറിനുണ്ട്. ഈ പ്രതീക്ഷയിലാണ് താരം ബാഴ്‌സയോടുള്ള താല്‍പര്യക്കുറവ് അറിയിച്ചത്.
അതേസമയം വെര്‍ണറിനായി മറ്റൊരു ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും രംഗത്തുള്ളത് ലിവര്‍പൂളിന് വെല്ലുവിളിയാണ്. 60 ദശലക്ഷം യൂറോയാണ് വെര്‍ണറെ വിട്ടുകിട്ടാന്‍ ലെയ്പസിഗ് ആവശ്യപ്പെടുന്നത്. ഇത് മുടക്കാന്‍ ലിവര്‍പൂള്‍ തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേകിച്ച് അടുത്ത വര്‍ഷം ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് നേരത്തെ നടക്കുന്ന സാഹചര്യത്തില്‍ ലിവര്‍പൂളിന് പല താരങ്ങളേയും നഷ്ടമാകും. ഇതുകൂടെ മുന്നില്‍ കണ്ടാണ് ലിവര്‍പൂള്‍ വെര്‍ണറിനായി രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments