Latest NewsNewsIndia

ഡൽഹി കലാപത്തിന്റെ അന്വേഷണംതലസ്ഥാനത്തിനപ്പുറം പോകണം: അത് ഒരു ആഗോള പദ്ധതിയാണെന്ന് വ്യക്തമാവുന്നു- മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

കെ.വി.എസ് ഹരിദാസ്

മാധ്യമ പ്രവർത്തനത്തിലേർപ്പെടുന്ന ഏതൊരാൾക്കും പിശകുകൾ, തെറ്റുകൾ സംഭവിക്കാറുണ്ട്. അത് മനുഷ്യസഹജമാണ്. തെറ്റുപറ്റാത്തവർ ഈ ഭൂലോകത്തുണ്ടാവില്ല എന്നതാണല്ലോ സത്യം. എന്നാൽ തെറ്റാണ് എന്നറിഞ്ഞിട്ടും അത് പറഞ്ഞുകൊണ്ടേയിരുന്നാലോ; തെറ്റുകൾ പറഞ്ഞുകൊണ്ട് ജനങ്ങളെ കബളിപ്പിച്ചു കൊണ്ടിരുന്നാലോ? അപ്പോൾ ചിത്രം മാറും, ലക്‌ഷ്യം മാറും. അതാണിപ്പോൾ നമ്മുടെ ചില മാധ്യമ സുഹൃത്തുക്കൾ ചെയ്യുന്നത്. ഇപ്പോൾ ഇത് പറയേണ്ടിവന്നത് ദൽഹി കലാപത്തെ അവർ കാണുന്നതും വിശദീകരിക്കുന്നതും കണ്ടതുകൊണ്ടാണ്.

ശരിയാണ്, ഡൽഹിയിലുണ്ടായത് ദാരുണമായ സംഭവമാണ്. ഒരാളും ആഗ്രഹിക്കാത്ത കാര്യവുമാണത്. വർഗീയ കലാപമൊക്കെ എന്നേ ഇവിടെനിന്ന് നാടുനീങ്ങേണ്ടതായിരുന്നു. പക്ഷെ ചിലർക്ക് അത് ഉണ്ടാക്കിയെ തീരൂ. കോടിക്കണക്കിന് വരുന്ന ഹിന്ദു സമൂഹത്തെ ഞങ്ങൾ 15 കോടി വിചാരിച്ചാൽ നിലക്ക് നിർത്താനാവും എന്ന് പ്രഖ്യാപിച്ച ഇസ്ലാമിക തീവ്ര നിലപാടുകാർക്ക് ഇവിടെ വലിയ സ്ഥാനമാണ് മാധ്യമങ്ങൾ നൽകുന്നത്. ആ പറഞ്ഞത് തെറ്റായിപ്പോയി എന്ന് തുറന്നുപറയാൻ ഇക്കൂട്ടരിൽ വലിയൊരു വിഭാഗം തയ്യാറാവുന്നുമില്ല. ഹിന്ദു സമൂഹത്തിനെതിരെ എന്തുവുമാവാം എന്നതായി അവസ്ഥ. ഇന്ത്യ സർക്കാരിനെതിരെ ഇന്നാട്ടിലെ മുസ്ലിം ജനത, മത ന്യൂനപക്ഷങ്ങൾ യുദ്ധം പ്രഖ്യാപിക്കണം എന്നൊരു കോൺഗ്രസ് നേതാവ് പറഞ്ഞാൽ അതിൽ തെറ്റില്ല. അതൊക്കെ ഇന്നാട്ടിലെ ഭരണഘടന അനുവദിക്കുന്ന അവകാശമാണെന്ന് ഒരു കൂട്ടർ കരുതുന്നു. എന്നാൽ റോഡ് തടഞ്ഞുകൊണ്ടും ജനങ്ങൾക്ക് വിഷമമുണ്ടാക്കിക്കൊണ്ടും മെട്രോ സ്റ്റേഷനുകൾ കയ്യടക്കിക്കൊണ്ടുമുള്ള സമരാഭാസങ്ങൾ മൂന്ന് നാൾക്കകം നിർത്തിയില്ലെങ്കിൽ ഞങൾ ഇടപെടുമെന്ന് പോലീസിനോട് ഒരാൾ പറഞ്ഞാൽ അത് കലാപമുണ്ടാക്കാനുള്ള ആഹ്വാനമായി…….. ഇത് മൂന്നാം കിട രാഷ്ട്രീയക്കാർ പറഞ്ഞാൽ മനസിലാവും. അവർക്കൊക്കെ പല താല്പര്യങ്ങളുണ്ട്. എന്നാൽ കോടതിയും അങ്ങിനെയൊക്കെ ചിന്തിച്ചാലോ? അത് എന്തൊക്കെയോ പ്രശ്നങ്ങൾ ജുഡിഷ്യറിയിലും ഉണ്ടോ എന്നോ സംശയിക്കാൻ പലരെയും പ്രേരിപ്പിക്കില്ലേ?. കോടതികൾ തെറ്റ് ചെയ്യാൻ പാടില്ല അഥവാ അവർ തെറ്റ് ചെയ്യാത്തവരാണ് എന്നൊക്കെയാണല്ലോ നാമൊക്കെ കരുതുന്നത്. അത്രമാത്രം സ്നേഹവും ആദരവും ബഹുമാനവുമൊക്കെ അവർക്ക് നാം കൊടുക്കുന്നുമുണ്ട്. എന്നാൽ ചിലപ്പോൾ ചില വാക്കുകൾ കേൾക്കുമ്പോൾ സാധാരണക്കാർക്ക് ഉൾപ്പടെ പലതും തോന്നിപ്പോകുന്നു എന്ന് പറയാൻ തുടങ്ങിയാലോ?. അതിനർത്ഥം കോടതിക്കോ ജനങ്ങൾക്കോ എന്തൊക്കെയോ പറ്റുന്നു എന്നല്ലേ? എന്നാലും നാമൊക്കെ കോടതിക്കൊപ്പമാണ്. അവർ നമുക്ക് എന്നും വഴികാട്ടികളാണ്, എന്നും ആദരണീയരാണ്, എന്നും സത്യത്തിന്റെ സംരക്ഷകരാണ്.

ഇന്നിപ്പോൾ ഡൽഹിയിൽ കാര്യങ്ങൾ നിയന്ത്രണവിധേയമാണ്. 36 മണിക്കൂറിനുള്ളിൽ എല്ലാം നിയന്ത്രണത്തിലായി. പക്ഷെ അതിനകം ചിലതൊക്കെ സംഭവിച്ചു. അതിനാരാണ് ഉത്തരവാദികൾ, ആരാണ് ആ പ്രശ്നങ്ങൾ തുടങ്ങിയത് എന്നതൊക്കെ അന്വേഷിക്കപ്പെടും, സംശയം വേണ്ട. അത് ബിജെപി നേതാവ് കപിൽ മിശ്രയുടെ പ്രസംഗത്തിൽ നിന്നാണോ അതോ സോണിയ ഗാന്ധിയുടെയും മക്കളുടെയും പ്രസംഗങ്ങളിൽ നിന്നാണോ, അല്ലെങ്കിൽ പോപ്പുലർ ഫണ്ടുകാർ ചെയ്തതിൽ നിന്നാണോ …….. മറ്റാരെങ്കിലും നടത്തിയ അധ്വാനത്തിൽ നിന്നാണോ; ഇന്നിപ്പോൾ അതൊക്കെ അന്വേഷിക്കപ്പെടുന്നുണ്ട്. പക്ഷെ ഒന്ന് നാം കാണാതെ പോയിക്കൂടാ. അവിടെ കലാപത്തിന് ഒരുക്കങ്ങൾ തുടങ്ങിയിട്ട് ആഴ്ചകളായി. അതാണല്ലോ എഎപി കൗൺസിലർ താഹിൽ ഹുസൈന്റെ വീട്ടിൽ കണ്ടത്. എന്താണ്, ഡൽഹിയെ മുഴുവൻ നശിപ്പിക്കാനുതകുന്ന സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും അവിടെ ശേഖരിച്ചിരുന്നുവല്ലോ. അത് അവിടെ മാത്രമല്ല, വേറെയും അത്തരം ആയുധ സംഭരണികളുണ്ട് എന്നതും തിരിച്ചറിഞ്ഞിട്ടുണ്ട്. അപ്പോൾ അത് കപിൽ മിശ്ര നടത്തിയ പ്രസംഗത്തെത്തുടർന്ന് ഉണ്ടാക്കിയതല്ല, ശേഖരിച്ചതല്ല എന്നത് വ്യക്തം. അത്രയും സ്‌ഫോടക വസ്തുക്കൾ തോക്കുകൾ, ആയുധങ്ങൾ ഒക്കെ ഉണ്ടാക്കാൻ ശേഖരിക്കാൻ മാസങ്ങൾ വേണമല്ലോ. ഇതാണ് ഒരു പ്രധാന ഘടകം…… മാസങ്ങൾക്ക് മുൻപേ ഡൽഹിയെ കലാപഭൂമിയാക്കാൻ പദ്ധതിയിട്ടിരുന്നു!.

വേറൊന്ന്, ആ ന്യൂനപക്ഷ കേന്ദ്രത്തിൽ നിന്ന് ഒരു ഐഎസ് ഭീകരനെ പിടികൂടിയിട്ടുണ്ട്. മുഹമ്മദ് ഫൈസ്. അയാൾ ഹർക്കത്ത് ഉൽ ഹർബ് ഇ ഇസ്ലാം എന്ന ഭീകര സംഘടനയുടെ നേതാവാണ്. അതാവട്ടെ ഐഎസ് മൊഡ്യൂളിൽ പെടുന്നതുമാണ്. ആഗോള ഭീകര പ്രസ്ഥാനങ്ങൾക്ക് ദൽഹി കലാപത്തിൽ റോളുണ്ടായിരുന്നു എന്നതിലേക്കാണ് കാര്യങ്ങളെത്തുന്നത് എന്നർത്ഥം. എൻഐഎ ആണ് ആ അറസ്റ്റ് നടത്തിയത്, ആ വലിയ മുന്നേറ്റം നടത്തിയത്. അയാൾ കുറേനാളുകളായി അവിടെ തമ്പടിച്ചിരുന്നു, അയാൾ മുഖേനയാണ് ‘ദൽഹി ഓപ്പറേഷൻ’ തയ്യാറാക്കിയത്…… ഇയാൾക്ക് സഹായമേകിയത് എല്ലാ രാഷ്ട്രീയക്കാരുമുണ്ട് എന്നതും ഫോൺ കാൾ ലിസ്റ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടത്രെ. പോപ്പുലർ ഫ്രണ്ട് മാത്രമല്ല മുൻനിര ബിജെപി വിരുദ്ധ -പ്രതിപക്ഷ രാഷ്ട്രീയക്കാരൊക്കെ അതിലുൾപ്പെടുന്നു എന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. സൂചിപ്പിച്ചത്, ദൽഹി കലാപം ഒരു ആഗോള പദ്ധതിയായിരുന്നു. അത് നമ്മുടെ മാധ്യമങ്ങൾ കാണാതെ പോയി.

ഇനിയാണ് അതിന്റെ ഗുണഭോക്താവ് ആരാണ് എന്നത് മനസിലാക്കേണ്ടത്. പൗരത്വ നിയമ ഭേദഗതി എന്നത് ഒരാളെയും പുറത്താക്കാനല്ല മറിച്ച്‌ കുറെപ്പേർക്ക് പുതുതായി പൗരത്വം നൽകാനാണ് എന്നത് സർക്കാർ എത്രയോ വട്ടം വ്യക്തമാക്കിയതാണ്. എന്നാൽ അത് മനസിലാക്കാത്തവരല്ല സമരത്തിനും കലാപത്തിനും ആഹ്വാനം നൽകിയത്. നരേന്ദ്ര മോഡി സർക്കാരിനെതിരെ മത ന്യൂന പക്ഷങ്ങളെ അണിനിരത്താൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് അവരൊക്കെ തീരുമാനിക്കുകയായിരുന്നല്ലോ. ഇസ്ലാമിക മത നേതാക്കളുടെ തീരുമാനമായിരുന്നില്ല അത് മറിച്ച്‌ രാഷ്ട്രീയ തീരുമാനമായിരുന്നു. അവരാണ് പിന്നീട് മത നേതാക്കളെ ഇതിലേക്ക് വലിച്ചിഴച്ചത്. കേരളത്തിൽ പോലും ഇസ്ലാമിക നേതാക്കളുടെ യോഗം വിളിച്ചുകൂട്ടിയത് കോൺഗ്രസ് നേതാക്കളായിരുന്നല്ലോ. കലാപമുണ്ടാക്കാൻ തീരുമാനിക്കുന്നത് ഇത്തരം രാഷ്ട്രീയക്കാർ കൂടി ഉൾപ്പെടുന്ന വേദികളിൽ ആയിരുന്നോ എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികമാണല്ലോ. അതും അന്വേഷിക്കപ്പെടണം എന്നതാണ് ഉന്നയിക്കാനുള്ളത്. ഇതിൽ നിന്ന് തന്നെ ഈ കലാപത്തിന്റെ, ഈ വ്യാജ പ്രചാരണങ്ങളുടെ പ്രയോജനം ലഭിക്കുമെന്ന് കരുതുന്നത് ആരാണെന്ന് വ്യക്തമല്ലേ? ദൽഹി പോലീസ് ഇത് സംബന്ധിച്ച അന്വേഷണങ്ങൾ നടത്തും; എൻഐഎയും അവരുടെ റോൾ വഹിക്കും. എന്നാൽ അപ്പോൾ അത് ഡൽഹിയിൽ മാത്രമൊതുങ്ങരുത്, ദൽഹി ഒരു കേന്ദ്രം മാത്രമാണ്, എന്നാൽ അത് ഇന്ത്യക്കെതിരായ യുദ്ധമാണ്, അതിന്റെ സൂത്രധാരന്മാർ ഡൽഹിയിൽ മാത്രമല്ല ഉള്ളത് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.

ഇവിടെയാണ് മാധ്യമ സുഹൃത്തുക്കൾ കാണിച്ചുകൂട്ടിയ പക്ഷപാതിത്വം തുറന്നുകാട്ടപ്പെടുന്നത്. കത്താത്ത മുസ്ലിം പള്ളി കത്തിച്ചു എന്ന് വിളിച്ചുകൂവി; നടക്കാത്ത ആക്രമണം നടന്നുവെന്ന് പറഞ്ഞു നടന്നു. എന്നാൽ തെറ്റായിപ്പോയി എന്നത് ബോധ്യപ്പെട്ടാൽ ഒന്ന് തിരുത്തണ്ടേ, ഒന്ന് ക്ഷമ പറയണ്ട പക്ഷെ കൂടുതൽ ജാഗ്രത ആവശ്യമായിരുന്നു എന്നത് സ്വയം മനസ്സിൽ ഒന്ന് പറഞ്ഞുകൂടേ…….. അതൊന്നും കാണുന്നില്ല, കേൾക്കുന്നില്ല. അതിലാണ് ദുഃഖം വേദന.

shortlink

Related Articles

Post Your Comments

Related Articles


Back to top button