കണ്ണൂർ: കണ്ണൂർ തയ്യിലിൽ ഒന്നരവയസുകാരനെ കടൽത്തീരത്തെ പാറക്കെട്ടിൽ എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശരണ്യയുടെ കാമുകൻ നിധിൻ അറസ്റ്റിയപ്പോൾ പുറത്തുവരുന്നത് കൂടുതൽ വിവരങ്ങൾ. ശരണ്യ കുറേക്കാലമായി കാമുകന്റെ നിയന്ത്രണത്തിലായിരുന്നു. ഇവർ തമ്മിലുള്ള ഫോൺസംഭാഷണങ്ങളും മൊബൈൽ ചാറ്റിംഗും പോലീസ് പരിശോധിച്ചു. കുഞ്ഞിനെ കൊന്നശേഷം കുറ്റം ഭർത്താവിൽ ചുമത്തി നിധിനുമൊന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതായി ചോദ്യം ചെയ്യലിൽ ശരണ്യ പോലീസിനോടു പറഞ്ഞു. നാട്ടിൻപുറങ്ങളിൽ പെയിന്റിംഗ് ജോലി ചെയ്തുവന്നിരുന്ന നിധിൻ ക്രൂരനായിരുന്നുവെന്നാണ് റിപ്പോർട്ട്. ശരണ്യയുടെ ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങൾ മുതലെടുത്ത് ഇയാൾ യുവതിയുമായി അടുപ്പത്തിലാകുകയായിരുന്നു. ഇതോടെ പൂർണമായും കാമുകന്റെ നിയന്ത്രണത്തിലായിരുന്നു ശരണ്യ.
സ്നേഹം ഭാവിച്ച് കാമുകിയുടെ സ്വർണാഭരണങ്ങൾ ഓരോന്നായി നിധിൻ വാങ്ങിയെടുത്തിരുന്നു. കഴിഞ്ഞമാസം കണ്ണൂർ സിറ്റിയിലെ ഒരു ബാങ്കിൽനിന്ന് ഒരുലക്ഷം രൂപ ലോൺ എടുത്തുതരാൻ ശരണ്യയോട് പറഞ്ഞിരുന്നു. ലോണിന് അപേക്ഷിക്കുന്നതിനായി ഇരുവരും ഒരുമണിക്കൂറോളം ബാങ്കിൽ ചെലവഴിച്ച ദൃശ്യം ബാങ്കിലെ സിസിടിവിയിൽനിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. കുഞ്ഞ് മരിച്ചദിവസം ശരണ്യയെ പോലീസ് ചോദ്യം ചെയ്യുമ്പോൾ നിധിന്റെ ഫോൺകോൾ ശരണ്യയുടെ ഫോണിലേക്ക് വരുന്നുണ്ടായിരുന്നു. ആദ്യം ഫോൺ എടുക്കാൻ ശരണ്യ തയാറായില്ല. കോൾ കട്ട് ചെയ്തുകൊണ്ടിരുന്നപ്പോൾ പോലീസിന് സംശയമായി. ഫോൺ എടുത്ത് ലൗഡ് സ്പീക്കറിൽ ഇടാൻ പോലീസ് ആവശ്യപ്പെട്ടു. എടുത്തയുടൻ എത്രനേരമായി ഫോൺ വിളിക്കുന്നു, എന്താ എടുക്കാത്തതെന്ന് ആക്രോശിച്ച് ശരണ്യയെ കാമുകൻ ശകാരിക്കുകയായിരുന്നു. നിങ്ങൾ ആരാണ്, എനിക്ക് അറിയില്ല എന്ന് ശരണ്യ മറുപടിയും പറഞ്ഞു. നിനക്ക് എന്നെ അറിയില്ലേയെന്നു പറഞ്ഞ് കൂടുതൽ കാര്യങ്ങൾ നിധിൻ വിളിച്ചുപറഞ്ഞപ്പോഴാണ് കാമുകന്റെ പങ്ക് പോലീസിനു മനസിലായത്.
Post Your Comments