കൊച്ചി: ഇല പറിക്കാൻ പേരാൽമരത്തിൽ കയറിയ മധ്യവയസ്കനെ കണ്ട് ആത്മഹത്യാശ്രമമാണെന്ന് കരുതി പോലീസിനെ വിളിച്ച വെട്ടിലായി നാട്ടുകാർ. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപം എക്സൈസ് ഓഫീസിനു മുന്നിലെ പേരാൽ മരത്തിലായിരുന്നു സംഭവം നടന്നത്. പൂജാ സാധനങ്ങൾ വിൽക്കുന്ന തൃപ്പൂണിത്തുറയിലെ കടയിലേക്ക് നൽകുന്നതിനായി ഇല പറിക്കാനാണ് കൊല്ലം സ്വദേശിയായ വിജയൻ പേരാൽ മരത്തിൽ കയറിയത്. ഇതിനിടെ എക്സൈസ് ഓഫീസിന്റെ അലൂമിനിയം മേൽക്കൂരയിൽ കാലുതട്ടി മുറിഞ്ഞു. രക്തം ഒഴുകി താഴേക്ക് വീണിട്ടും ഇത് കാര്യമാക്കാതെ വിജയൻ മരത്തിൽ കയറിയതോടെ ആത്മഹത്യാശ്രമമാണെന്ന് കരുതി നാട്ടുകാർ പോലീസിനെ വിളിക്കുകയായിരുന്നു.
20 മിനിട്ട് കഴിഞ്ഞ് നോർത്ത് സ്റ്റേഷനിൽനിന്ന് പോലീസെത്തിയത് കണ്ട് താഴെയിറങ്ങിയ വിജയൻ മരത്തിൽ കയറിയതിന്റെ കാര്യം പറഞ്ഞതോടെയാണ് നാട്ടുകാർ വെട്ടിലായത്. പൂജാ സാധങ്ങൾ വിൽക്കുന്ന കടകളിലേക്ക് പേരാൽ മരത്തിന്റെ ഇലയും മൊട്ടുകളും എത്തിച്ചുകൊടുത്തു കിട്ടുന്ന പണം കൊണ്ടാണ് വിജയൻ ജീവിക്കുന്നത്. പേരാലിന്റെ ഇല പറിക്കാനായിരുന്നു ഇദ്ദേഹം മരത്തിൽ കയറിയത്. പോലീസ് മടങ്ങിയപ്പോൾ വിജയൻ ഒന്നും സംഭവിക്കാത്ത പോലെ താഴെ വീണ ഇലകൾ ഒരിടത്തേക്ക് കൂട്ടിയിട്ട് സമീപത്തെ ഹോട്ടലിൽനിന്ന് ഉപ്പു വാങ്ങി കാലിലെ മുറിവിൽ തേച്ച് ഇലകളുമായി സ്ഥലം വിട്ടു.
Post Your Comments