തിരുവനന്തപുരം: കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ മണ്ഡലം ഭാരവാഹി നിര്‍ണയത്തില്‍ തിരുവനന്തപുരത്ത് ഗ്രൂപ്പ് പോര്. സംഘടനാ ഭാരാവാഹികളെ തിരഞ്ഞെടുക്കുന്നതിനെചൊല്ലിയുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് കുണ്ടാറിന് പിന്നാലെ യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം എസ്.മഹേഷ് കുമാര്‍ രാജിവെച്ചു.
തിരുവനന്തപുരം മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകള്‍ കിട്ടിയ നേതാവിനെ അവഗണിച്ച് മറ്റൊരാളെ മണ്ഡലം അധ്യക്ഷനായി തിരഞ്ഞെടുത്തതാണ് മഹേഷിനെ രാജിക്ക് പ്രേരിപ്പിച്ചത്. സംസ്ഥാന അധ്യക്ഷന്‍ ഗ്രൂപ്പ് കളിക്ക് നേതൃത്വം നല്‍കുകയാണെന്നും ഗ്രൂപ്പ് താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരാവാഹി നിര്‍ണയമെന്നും മഹേഷ് കുമാര്‍ അരോപിക്കുന്നു.
‘മറ്റു മണ്ഡലങ്ങളിലും ഗ്രൂപ്പടിസ്ഥാനത്തിലാണ് ഭാരവാഹികളെ നിര്‍ണയിച്ചത്. സംസ്ഥാന അധ്യക്ഷന്‍ ഗ്രൂപ്പ് കളിക്ക് നേതൃത്വം നല്‍കുന്നു. 200 ഓളം പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാനൊരുങ്ങുകയാണ്’ എസ്.മഹേഷ് കുമാര്‍ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് നടത്തിയ വോട്ടെടുപ്പില്‍ വലിയശാല പ്രവീണിനാണ് കുടുതല്‍ വോട്ടുകള്‍ ലഭിച്ചത്. എന്നാല്‍ ഇയാളെ പരിഗണിക്കാതെ മൂന്നാം സ്ഥാനത്ത് എത്തിയ കൗണ്‍സിലര്‍ കൂടിയായ എസ്.കെ.പി.രമേശിനെയാണ് തിരഞ്ഞെടുത്തത്.
ഇതേതുടര്‍ന്ന് പി.കെ.കൃഷ്ണദാസ് പക്ഷം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കാസര്‍കോട് ജില്ലാ പ്രസിഡന്റായി കെ.ശ്രീകാന്തിനെ നാലാമതും തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് നേരത്തെ ബിജെപി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍ രാജിവെച്ചിരുന്നു.
Post Your Comments