ന്യൂഡല്‍ഹി : ലോകം ഉറ്റുനോക്കി ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവും ട്രംപ്-മോദി ചര്‍ച്ചയും, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച നടക്കുന്ന ഉഭയകക്ഷിചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ഇടപാടില്‍ തീരുമാനമായേക്കും. ഇന്ത്യയുമായി 21,000 കോടിരൂപയുടെ പ്രതിരോധ ഇടപാടുകളില്‍ തീരുമാനമെടുക്കുമെന്ന് ഡോണള്‍ഡ് ട്രംപ് അഹമ്മദാബാദില്‍ പ്രഖ്യാപിച്ചു. ഊര്‍ജ, വാതക ഇടപാടുകളില്‍ നിര്‍ണായകതീരുമാനമുണ്ടാകാനും സാധ്യതയുണ്ട്. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ ചൊവ്വാഴ്ച രാവിലെ പതിനൊന്നിനാണ് ട്രംപ് മോദി കൂടിക്കാഴ്ച.
ഇന്ത്യ സന്ദര്‍ശനത്തിന്റെ ആദ്യ ദിനം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലനിയ ട്രംപും ആഗ്രയിലെ താജ് മഹലും സന്ദര്‍ശിച്ചു. മകള്‍ ഇവാന്‍കയും മരുമകന്‍ ജാറദ് കുഷ്‌നറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. താജിന്റെ ചരിത്രവും മഹത്വവും പ്രാധാന്യവും ഇരുവര്‍ക്കും വിശദീകരിച്ചുകൊടുത്തു. ‘താജ്മഹല്‍ വിസ്മയകരമാംവിധം പ്രചോദിപ്പിക്കുന്നത്. സമ്പന്നവും വൈവിധ്യവുമാര്‍ന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ കാലാതീതമായ അധ്യായം. നന്ദി ഇന്ത്യ’ – താജിന്റെ സന്ദര്‍ശിക റജിസ്റ്ററില്‍ ട്രംപ് കുറിച്ചു. വൈകിട്ട് ഏഴരയോടെ ആഗ്രയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ട്രംപും കുടുംബവും ഡല്‍ഹി ഐടിസി മൗര്യ ഹോട്ടലിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലാണ് തങ്ങുന്നത്. യുഎസ് പ്രസിഡന്റുമാരായിരുന്ന ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്ലിന്റന്‍, ജോര്‍ജ് ഡബ്ല്യു ബുഷ് എന്നിവരും 2015 ല്‍ ബറാക് ഒബാമയും ഇതേ ഹോട്ടലിലാണ് തങ്ങിയത്.
തിങ്കളാഴ്ച പകല്‍ 11.40ന് അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് ട്രംപ് വന്നിറങ്ങിയത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ട്രംപ് മൊട്ടേര സ്റ്റേഡിയത്തിലെത്തി ജനത്തെ അഭിസംബോധന ചെയ്തു. വിമാനത്താവളത്തില്‍നിന്നു മൊട്ടേര സ്റ്റേഡിയത്തിലേക്കുള്ള ട്രംപിന്റെ റോഡ് ഷോയ്ക്കിടെയാണ് ആശ്രമത്തിലേക്ക് എത്തിയത്. വിവിധ ഇനം കലാരൂപങ്ങളാണ് വഴിനീളെ ഒരുക്കിയിരുന്നത്.
Post Your Comments