കൊടുങ്ങല്ലൂര്‍: ‘പൗരത്വ ഭേദഗതി നിയമം രാഷ്ട്രസുരക്ഷക്ക്’ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരി പങ്കെടുത്ത വിശദീകരണ സമ്മേളനം നടക്കുമ്പോൾ കടയടച്ച് പ്രതിഷേധിച്ച വ്യാപാരികള്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്. കടയടച്ച് മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഇവരെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് നോട്ടീസ് കൈമാറുന്നത്.
ഐ.പി.സി 153 വകുപ്പ് പ്രകാരം കൊടുങ്ങല്ലൂര്‍ പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും വിചാരണവേളയില്‍ ഹാജരാകണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്. ആറുപേര്‍ക്ക് ഇതിനകം നോട്ടീസ് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇരുപത്തിയഞ്ചോളം പേര് പ്രതിയാകുമെന്നാണ് വിവരം.
വ്യാപാരികള്‍ കൊടുങ്ങല്ലൂരില്‍ ആണ് കടകള്‍ അടച്ചത്. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധമുള്ളവരാണ് കടയടച്ചത്. ചില സ്ഥാപനങ്ങള്‍ തുറപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ജനജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്തവര്‍ കടകള്‍ക്ക് കല്ലെറിയുകയും ചെയ്തിരുന്നു. കടയുടമകളെ രാജ്യദ്രോഹികള്‍ എന്ന് ചിത്രീകരിച്ച് പോസ്റ്ററും ഒട്ടിച്ചു.
ഇതിനെതിരെ കേസെടുത്ത പോലീസ് ആര്.എസ്.എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു ദിവസം കഴിഞ്ഞാണ് ബി.ജെ.പി ശക്തികേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ കത്തിക്കലും തകര്‍ക്കലും നടന്നത്. ഇതുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം ഊര്ജിതമാണെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല.
Post Your Comments