ബംഗളൂരു: കര്‍ണാടകയില്‍ സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ വേദിയില്‍ കയറി പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിക്കെതിരെ വധഭീഷണി മുഴക്കി വലതുപക്ഷ ആഭിമുഖ്യ സംഘടനയായ ശ്രീരാമ സേന. പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന അമൂല്യ ലിയോണ എന്ന പെണ്‍കുട്ടിയെ പുറത്ത് വിട്ടാല്‍ കൊല്ലുമെന്നാണ് ശ്രീരാമ സേന ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതിന് പുറമെ പെണ്‍കുട്ടിയെ വധിക്കുന്നവര്‍ക്ക് സംഘടനയെ പ്രതിനിധീകരിച്ച് പത്ത് ലക്ഷം രൂപയും സംഘടനാ നേതാവ് സഞ്ജീവ് മരടി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ലിയോണയ്‌ക്കെതിരെ ബെല്ലാരിയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടെയാണ് ഇയാളുടെ പ്രകോപനപരമായ പ്രസ്താവനകള്‍. ‘സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ഒരു സാഹചര്യത്തിലും ആ പെണ്‍കുട്ടിയെ പുറത്തു വിടരുത്. അങ്ങനെ മോചിപ്പിച്ചാല്‍ അവരെ ഞങ്ങള്‍ എന്‍കൗണ്ടറില്‍ കൊല്ലും..’ എന്നായിരുന്നു ഇയാളുടെ വാക്കുകള്‍. പ്രസ്താവന അടങ്ങിയ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ പൊലീസ് ഇടപെട്ടിട്ടുണ്ട്. എന്നാല്‍ വീഡിയോ കണ്ടിട്ടില്ലെന്നും ഇത്തരം പ്രസ്താവനകളെക്കുറിച്ച് അറിയില്ലെന്നുമാണ് ബല്ലാരി പൊലീസ് സൂപ്രണ്ടന്റ് സി.കെ.ബാബ അറിയിച്ചത്. വീഡിയോ കണ്ടശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments