KeralaLatest NewsNewsDevotional

ഇന്ന് മഹാ ശിവരാത്രി: ഭക്തിയുടെ നിറവിൽ വിശ്വാസ സമൂഹം

ഹൈന്ദവരുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ശിവരാത്രി. ശിവരാത്രി കൃഷ്ണചതുര്‍ദ്ദശി തിഥിയെ അടിസ്ഥാനമാക്കി അനുഷ്ഠിക്കപ്പെടുന്ന വ്രതമാണ്. കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. വ്രത ശുദ്ധിയോടെ ശിവ പൂജകളുമായി ഉപവാസമിരിക്കുന്നതും ഉറക്കമിളയ്ക്കുന്നതും ശിവരാത്രിയുടെ പ്രധാന ആചാരങ്ങളാണ്.

ശിവരാത്രിയിലെ ‘രാത്രി’ സൂചിപ്പിക്കുന്നത് ‘അജ്ഞാന അന്ധകാര’ത്തെയാണ്; മനുഷ്യ മനസ്സുകളിലെ അജ്ഞാനത്തിന്റെ അന്ധകാരം നിറയുന്ന സമയത്തെയാണ്. ഈ അജ്ഞാനമാകുന്ന നിദ്രയില്‍നിന്നും ഉണരുന്നവരാണ് സ്വയം ആത്മാവാണെന്ന സത്യത്തിലേക്ക് ബുദ്ധിയെ ഉണര്‍ത്തുന്നവര്‍. ആരാണ് ഉണര്‍ന്നിരിക്കുന്നത് അവരുടെ പാപം നശിക്കുന്നു എന്നതാണ് ശിവരാത്രി വ്രതത്തിന്റെ പ്രാധാന്യമായി പറയപ്പെടുന്നത്. ശിവരാത്രി ദിവസം മുഴുവന്‍ സര്‍വ്വേശ്വരനായ ശ്രീ പരമേശ്വരന്റെ സ്മരണയില്‍ വ്രതമനുഷ്ഠിക്കുകയും രാത്രി മുഴുവന്‍ ഉറങ്ങാതെ ഈശ്വര സ്മരണയില്‍ അഖണ്ഡനാമവും ഉപവാസവുമായി കഴിയുകയും ചെയ്താല്‍ പാപങ്ങള്‍ നശിച്ച് പുണ്യ ലോകപ്രാപ്തി ലഭിക്കുമെന്ന് വിശ്വസിച്ചുപോരുന്നു.നല്ല ഭര്‍ത്താവിനെ ലഭിക്കുന്നതിനും ദോഷങ്ങള്‍ അകറ്റുന്നതിനും വേണ്ടിയാണ് സ്ത്രീകള്‍ ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നത്.

ദേവാസുര യുദ്ധത്തില്‍ പാലാഴി മഥനം നടത്തിയപ്പോള്‍ ഉണ്ടായ കാളകൂട വിഷം ലോക രക്ഷാര്‍ത്ഥം ഭഗവാന്‍ ശിവന്‍ കുടിച്ചെന്നും അതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ബോധക്ഷയം ഉണ്ടായെന്നും പറയുന്നു. ഇതുകണ്ട് ദേവന്മാര്‍ ഉറങ്ങാതെ ശിവനെ പ്രകീര്‍ത്തിച്ചു കൊണ്ടേയിരുന്നു. ഈ ദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നതെന്നാണ് പ്രധാന ഐതിഹ്യം.ഭഗവാന് ആപത്തൊന്നും വരാതെ പാര്‍വ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാര്‍ത്ഥിച്ച ദിവസമാണ്  ശിവരാത്രിയെന്നാണ് ഒരു ഐതീഹ്യം. പര്‍വതി ദേവി ഉറക്കം വെടിഞ്ഞതിനാല്‍ ഇതേ ദിവസം ഉറക്കം വെടിഞ്ഞ് ഭക്തരും ശിവരാത്രി ആഘോഷിക്കുന്നു.
കേരളത്തില്‍ ആലുവ ശിവരാത്രി പ്രസിദ്ധമാണ്. മഹാ ശിവരാത്രി ദിവസത്തില്‍ ആലുവാ മണപ്പുറത്ത് ബലിതര്‍പ്പണങ്ങള്‍ക്കായി പതിനായിരങ്ങളാണ് എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button